Currency

യുഎഇയില്‍ പരക്കെ മഴ; ശനിയാഴ്ച വരെ മഴ തുടരാന്‍ സാധ്യത

സ്വന്തം ലേഖകന്‍Wednesday, December 11, 2019 12:15 pm

അബൂദബി: യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ മഴ. രാവിലെ മുതല്‍ ഇടവിട്ട് പെയ്യുന്ന മഴ പലയിടങ്ങളിലും തുടരുകയാണ്. ദുബായിലും വടക്കന്‍ എമിറേറ്റുകളിലും ഇന്നു മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു.

അന്തരീക്ഷം ഇരുണ്ടുമൂടുകയും തണുപ്പുകൂടുകയും ചെയ്തു. വടക്കന്‍ മേഖലയിലെ തീരദേശമേഖലയില്‍ ഇന്നും നാളെയും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്നാണു മുന്നറിയിപ്പ്. ശനി വരെ മഴ തുടരാന്‍ സാധ്യതയുണ്ട്. അബുദാബിയിലെ അല്‍ സില, ഡല്‍മ, ഗുവൈഫാത്ത് മേഖലകളില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചു. ഡല്‍മ ഐലന്‍ഡില്‍ 34.6 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ദുബായില്‍ പലയിടങ്ങളിലും പുലര്‍ച്ചെയോടെ മഴ തുടങ്ങി.

പടിഞ്ഞാറന്‍ ഉഷ്ണമേഖലയില്‍ നിന്നുള്ള കാറ്റും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ന്യൂനമര്‍ദവുമാണു കാലാവസ്ഥാ മാറ്റത്തിനു കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഴയും കാറ്റും കണക്കിലെടുത്ത് ഓരോ എമിറേറ്റിലും പട്രോളിങ് ശക്തമാക്കി. വാഹനമോടിക്കുന്നവര്‍ വേഗം കുറയ്ക്കുകയും പെട്ടെന്നു ലെയ്ന്‍ മാറുന്നത് ഒഴിവാക്കുകയും വേണമെന്നു പൊലീസ് നിര്‍ദേശിച്ചു. ദൂരക്കാഴ്ച കുറയുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

വെള്ളക്കെട്ടുകള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ വിളിക്കേണ്ട നമ്പര്‍: 8008118. 24 മണിക്കൂറും സഹായം ലഭിക്കുമെന്ന് സേവന വിഭാഗം തലവന്‍ അഹമ്മദ് ഹമദ് അല്‍ ശഹി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x