Currency

പ്രവാസികള്‍ക്ക് ആശ്വാസം; കരിപ്പൂരില്‍ നിന്ന് ജംബോ വിമാനങ്ങള്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍Saturday, December 28, 2019 11:35 am

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ജംബോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് അനുമതി. ഈ വര്‍ഷം മെയ് മാസത്തില്‍ തന്നെ ഇവിടെ വലിയ വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ അനുമതി കിട്ടിയിരുന്നതാണ്. എന്നാല്‍ സ്ഥിരം ജംബോ സര്‍വീസുകള്‍ക്കുള്ള അനുമതി വൈകുകയായിരുന്നു. ഫെബ്രുവരി 17 മുതല്‍ കരിപ്പൂര്‍- ജിദ്ദ സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ 24-ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ ജംബോ വിമാനം 25-ന് രാവിലെ കോഴിക്കോട്ട് പറന്നിറങ്ങിയിരുന്നു. ഈ ലാന്‍ഡിംഗ് തൃപ്തികരമായിരുന്നതിനാലാണ് ഇനി മുതല്‍ ജംബോ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. ഇനി ഇത് വഴി സ്ഥിരം സര്‍വീസ് നടത്താമെന്ന നിലപാടിലാണ് എയര്‍ ഇന്ത്യ.

രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ജംബോ ബോയിംഗ് വിമാനമാണ് കരിപ്പൂരിലെ റണ്‍വേ നവീകരണത്തിന് ശേഷം ആദ്യമായി പരീക്ഷണപ്പറക്കല്‍ നടത്തിയത്. റണ്‍വേയുടെ നീളം 6000 അടിയില്‍ നിന്ന് 9000 അടിയാക്കി നവീകരിച്ച ശേഷവും ജംബോ വിമാനങ്ങളുടെ ദൈനംദിന സര്‍വീസുകള്‍ക്ക് അനുമതി വൈകിയിരുന്നു.

2015-ലാണ് റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പിന്‍വലിക്കുന്നത്. അതിന് മുമ്പ് ജംബോ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് സ്ഥിരം സര്‍വീസ് നടത്തിയിരുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x