Currency

കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രം അനുമതി

സ്വന്തം ലേഖകന്‍Wednesday, April 22, 2020 1:08 pm

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ്. നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ക്ക് മുന്നില്‍ പൊലീസ് പട്രോളിംഗ് ആരംഭിക്കും. ഹോട്ട്സ്പോട്ടുകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറക്കൂ.

ഇന്നലെ വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാഹചര്യമില്ലെന്ന വിലയിരുത്തലിലായിരുന്നു അധികൃതര്‍. എന്നാല്‍ കണ്ണൂരില്‍ ഇന്നലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം വന്നതോടെയും കടുത്ത നിയന്ത്രണ നടപടികളിലേക്ക് കടക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാവുകയായിരുന്നു.

ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ അജ്മാനില്‍ നിന്നും എട്ടു പേര്‍ ദുബായില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി. ഇതില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ ജില്ലയില്‍ നിന്ന് 2342 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2128 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1774 എണ്ണം നെഗറ്റീവ് ആണ്. 214 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x