
ന്യുഡല്‍ഹി: യു.എ.ഇ വിമാന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിന്‍വലിച്ചേക്കുമെന്ന് സൂചന. ഉഭയകക്ഷി തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രത്യാശ പകരുന്നതാണെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കി. കേരളത്തിലേക്കുള്ള ഇത്തിഹാദിന്റെ മുടങ്ങിയ സര്‍വീസുകള്‍ ഈ മാസം പത്തിന് പുനരാരംഭിച്ചേക്കും.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ് എന്നിവലുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മൂന്നു ദിവസമായി മുടങ്ങിയിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം യു.എ.ഇ വിമാന കമ്പനികളുടെ ചാര്‍േട്ടഡ് സര്‍വീസിന് അനുമതി തടഞ്ഞത്.
മുന്‍കൂട്ടി യാത്രക്കൊരുങ്ങിയ ആയിരങ്ങള്‍ ഇതോടെ ദുരിതത്തിലായി. അബൂദബിയില്‍ നിന്നും ശനിയാഴ്ച പുറപ്പെടേണ്ട കെ.എം.സി.സിയുടെ ഇത്തിഹാദ് ചാര്‍ട്ടേഡ് വിമാനവും മുടങ്ങിയതില്‍ ഉള്‍പ്പെടും. ഈ മാസം പത്തിന് വിമാനം യാത്ര തിരിക്കുമെന്നാണ് ഇത്തിഹാദ് എയര്‍ലൈന്‍സ് അധികൃതര്‍ സംഘാടകരെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് റസിഡന്‍സ് വിസക്കാര്‍ക്ക് മടങ്ങാന്‍ എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കാനും ഇന്ത്യ വിസമ്മതിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.