
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് സര്‍വീസുകള്‍ നാളെ പുനരാംഭിക്കും. കോവിഡ് രോഗികള്‍ക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിന് ദുബായ് എവിയേഷന്‍ അതോറിറ്റി 15 ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് പിന്‍വലിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് സോഷ്യല്‍ മീഡിയയിലൂടെയാണ് വിലക്ക് നീങ്ങിയ വിവരം അറിയിച്ചത്. നാളെ മുതല്‍ സര്‍വീസുകള്‍ ഷെഡ്യൂള്‍ പ്രകാരം നടക്കും. എന്നാല്‍, ഇത് സംബന്ധിച്ച ദുബായ് എവിയേഷന്‍ അതോറിറ്റിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ഇന്നലെ അര്‍ധരാത്രി മുതല്‍ 15 ദിവസത്തേക്കാണ് ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ പല വിമാനങ്ങളും ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു.
സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കോവിഡ് പോസറ്റീവായ രോഗികളെ ദുബായിലെത്തിച്ചതിനായിരുന്നു വിലക്ക്. രണ്ടുതവണ എയര്‍ലൈന്‍സ് ഈ വീഴ്ചവരുത്തി. സെപ്റ്റംബര്‍ രണ്ടിന് മുന്നറിയിപ്പ് നല്‍കിയിട്ടും സെപ്റ്റംബര്‍ നാലിന് ജയ്പൂരില്‍ നിന്ന് വീണ്ടും കോവിഡ് രോഗി പോസിറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തി. വീഴ്ച സമ്മതിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് അതോറിറ്റിക്ക് മാപ്പ് എഴുതി നല്കി. ജയ്പൂരിലെയും ഡല്‍ഹിയിലെയും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് എതിരെ നടപടിയെടുത്തു. ഇതിന് ശേഷമാണ് സര്‍വീസ് പുനരാംഭിക്കുമെന്ന അറിയിപ്പുണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.