ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. 75 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് മറീന ബീച്ചില്‍ നടക്കും. എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ജെ. ജയലളിത (68) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. 75 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് മറീന ബീച്ചില്‍ നടക്കും. എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് സെപ്റ്റംബറിലാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും ഡോക്ടര്‍മാരുടെ ചികിത്സയില്‍ രോഗമുക്തയായി വീട്ടിലേക്ക് മടങ്ങുവാനിരിക്കെയാണ് ജയക്ക് ഞായറാഴ്ച വൈകിട്ട് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശരീരത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്ന സംവിധാനമായ എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്റെയും (എക്‌മോ) മറ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് കഴിഞ്ഞ 24 മണിക്കൂര്‍ ജയയുടെ ജീവന്‍ നിലനിര്‍ത്തിയത്. ഇതിനിടെ ഞരമ്പുകളിലെ തടസം പരിഹരിക്കുന്നതിന് തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ചെന്നൈയിലെ രാജാജി ഹാളില്‍ ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍
കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍നിന്നുള്ള നാല് വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നൈയിലെത്തിയിരുന്നു. ജയയെ നേരത്തെ ചികിത്സിച്ചിരുന്ന ലണ്ടനിലെ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു ചികിത്സകള്‍. എന്നാല്‍ വൈദ്യസംഘത്തിന്റെ പ്രയത്‌നങ്ങളും തമിഴ്മക്കളുടെ പ്രാര്‍ഥനകളും അപ്രസക്തമാക്കികൊണ്ട് തമിഴകത്തിന്റെ ജയ എന്നന്നേക്കുമായി വിട പറഞ്ഞു. മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ നൂറുകണക്കിന് അണ്ണാ ഡി.എം.കെ നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവര്‍ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നും മൈസൂറില്‍ താമസമാക്കിയ അയ്യങ്കാര്‍ കുടുംബത്തിലെ ജയറാമിന്റെയും സിനിമ നടിയായിരുന്ന സന്ധ്യ എന്ന വേദവല്ലിയുടെയും രണ്ടാമത്തെ മകളായി 1948 ഫെബ്രുവരി 24നാണ് ജയലളിത എന്ന കോമളവല്ലിയുടെ ജനനം. ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റ് സ്‌കൂള്‍, ബിഷപ്പ് കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂളില്‍ മികച്ച വിദ്യാര്‍ഥിനിയായിരുന്നു അവര്‍.

ജയയ്ക്ക് രണ്ട് വയസുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. അമ്മയോടൊപ്പം ആദ്യം ബംഗളൂരിലേക്കും പിന്നീട് ചെന്നൈയിലേക്കും താമസം മാറുകയും സിനിമയിലേക്ക് അവസരം തേടാനും കുടുംബം തീരുമാനിക്കുകയായിരുന്നു. ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി. 15 വയസുള്ളപ്പോള്‍ തന്നെ ജയലളിതയും സിനിമയില്‍ അഭിനയിച്ചു. 1964ല്‍ ‘ചിന്നഡ കൊംബെ’ എന്ന കന്നഡ ചിത്രത്തിലാണ് ജയ നായികയായി തുടക്കംകുറിച്ചത്. ‘പട്ടിക്കാട്ട് പൊന്നയ്യ’ ആണ് ജയലളിത അഭിനയിച്ച അവസാന ചിത്രം.
‘മക്കള്‍ തിലകം’ എം.ജി.ആറിന്റെ ഇദയക്കനിയായിരുന്ന ജയലളിതയുടെ രാഷ്ട്രീയ പ്രവേശനം യാദൃച്ഛികമായിരുന്നു. 1982ലാണ് ജയലളിത അണ്ണാ ഡി.എം.കെയില്‍ ചേരുന്നത്. എം.ജി.ആറിന്റെ സാന്നിധ്യത്തില്‍ ‘പെണ്ണിന്‍ പെരുമൈ’ (സ്ത്രീ മഹത്വം) എന്ന വിഷയത്തെ ആസ്പദമാക്കി ജയ നടത്തിയ പ്രസംഗമാണ് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നിട്ടത്. ജയയുടെ ഇംഗ്ലീഷ് പ്രസംഗത്തിലുള്ള കഴിവ് തിരിച്ചറിഞ്ഞ എം.ജി.ആര്‍ 1984ല്‍ അവരെ രാജ്യസഭയിലേക്ക് അയച്ചു. ’89ലെ തെരഞ്ഞെടുപ്പില്‍ എം.ജി.ആറിന്റെ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് അവകാശപ്പെട്ട് ജയലളിത രംഗത്തിറങ്ങി. ’91ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റില്‍ 225 എണ്ണത്തില്‍ വിജയിച്ച് തെരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട്ടിലെ ആദ്യ വനിത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ആറാംവട്ടവും തമിഴ്‌നാട് മുഖ്യമന്ത്രിയായി.

തമിഴക ഭരണത്തില്‍ ജയലളിതയും കരുണാനിധിയും മാറിമാറി അധികാരത്തില്‍ വരുമ്പോള്‍ പരസ്പരം അഴിമതിക്രിമിനല്‍ കേസുകള്‍ ചുമത്തുന്നത് പതിവായിരുന്നു. ജയലളിതയുടെ പേരിലുള്ള അഴിമതി കേസുകളുടെ വിചാരണയ്ക്ക് മാത്രമായി മൂന്ന് പ്രത്യേക കോടതികള്‍ രൂപവത്കരിച്ചു. ജയലളിതക്കെതിരെ മാത്രം ഡി.എം.കെ മുന്‍കൈയെടുത്ത് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളിലും വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിലൂടെ ജയലളിത കുറ്റവിമുക്തയായി.
എന്നാല്‍, 66 കോടി രൂപയുടെ അിവിഹിത സ്വത്ത് സമ്പാദന കേസില്‍ മാത്രം ജയലളിത ശരിക്കും കുരുങ്ങുകയായിരുന്നു. സുപ്രീംകോടതി പരാമര്‍ശത്തെ തുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. എന്നാല്‍, വിശ്വസ്തനായ പന്നീര്‍ശെല്‍വത്തിനെ മുഖ്യമന്ത്രിയാക്കി ജയ തമിഴ്‌നാട് ഭരണം കൈപിടിയില്‍ നിര്‍ത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.