
തൃശൂര്‍: ജില്ലാ സഹകരണ ബാങ്കുകളില്‍ കള്ളനോട്ട് കണ്ടെത്താന്‍ സംവിധാനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുമ്പോള്‍ കേരളത്തിലെ വലിയൊരു വിഭാഗം പ്രാഥമിക സഹകരണ ബാങ്കുകളില്‍പോലും ഇതിന് സംവിധാനമുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍. ജില്ലാ ബാങ്കുകളില്‍ പഴയതും പുതിയതുമായ യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രാഥമിക ബാങ്കുകളില്‍ വലിയൊരു വിഭാഗം പഴയ യന്ത്രങ്ങള്‍ മാറ്റി പുതിയവ വാങ്ങുകയാണ്. കള്ളനോട്ട് കണ്ടെത്താന്‍ ജില്ലാ ബാങ്കുകളില്‍ സംവിധാനമില്ലെന്ന വാദം തെറ്റാണെന്നു മാത്രമല്ല, ജീവനക്കാര്‍ക്ക് വൈദഗ്ധ്യമില്ലെന്ന പരാമര്‍ശം റിസര്‍വ് ബാങ്കിനെത്തന്നെ തള്ളിപ്പറയുന്ന നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാസ്തവത്തില്‍, അസാധു നോട്ടുകള്‍ വ്യാപകമായി ഒഴുകിയെത്തിയ പോസ്റ്റ് ഓഫിസുകളാണ് ഇക്കാര്യത്തില്‍ ഏറെ പിന്നിലുള്ളത്.
പഴയ മാതൃകയിലുള്ള അള്‍ട്രാ വയലറ്റ് ലൈറ്റ് യന്ത്രമാണ് പ്രാഥമിക ബാങ്കുകളില്‍ ഉള്ളതെങ്കിലും ജില്ലാ ബാങ്കുകളില്‍ ഇതിന്റെ പുതിയ മാതൃകയിലുള്ള യന്ത്രവുമുണ്ട്. നോട്ടെണ്ണാനും കള്ളനോട്ട് തിരിച്ചറിയാനും സംവിധാനമുള്ളതാണ് ഇത്. ഇതിനു പുറമെയാണ് മുറ തെറ്റാതെ നടക്കുന്ന പരിശീലനങ്ങള്‍. ജില്ലാ ബാങ്ക് ജീവനക്കാര്‍ക്ക് റിസര്‍വ് ബാങ്കില്‍നിന്നും നബാര്‍ഡില്‍നിന്നും വിഗദ്ധര്‍ എത്തിയാണ് കൃത്യമായ ഇടവേളകളില്‍ കള്ളനോട്ട് തിരിച്ചറിയലിന് ഉള്‍പ്പെടെ പരിശീലനം നല്‍കുന്നത്. ഇതിനു പുറമെ തിരുവനന്തപുരം മണ്‍വിളയിലുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ കേന്ദ്രത്തിലും കണ്ണൂര്‍ പറശിനിക്കടവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്‌മെന്റിലും ജില്ലാ ബാങ്ക് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ജില്ലാ ബാങ്ക് ജീവനക്കാരാണ് പ്രാഥമിക ബാങ്ക് ജീവനക്കാരെ പരിശീലിപ്പിക്കുന്നത്.
പോസ്റ്റ് ഓഫിസുകളിലെ സ്ഥിതി നേരെ മറിച്ചാണ്. ഹെഡ് പോസ്റ്റ് ഓഫിസുകളില്‍ മാത്രമെ നോട്ടെണ്ണാനും കള്ളനോട്ട് തിരിച്ചറിയാനും യന്ത്രമുള്ളൂ. ഗ്രാമീണ പോസ്റ്റ് ഓഫിസ് മുതല്‍ സബ് പോസ്റ്റ് ഓഫിസുകളില്‍വരെ ഇതില്ല. മാത്രമല്ല, പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്ക് കള്ളനോട്ട് തിരിച്ചറിയാനുള്ള പരിശീലനവും നല്‍കുന്നുമില്ല. ഈ സാഹചര്യത്തിലാണ് സഹകരണ മേഖലക്ക് നിഷേധിച്ച കറന്‍സി മാറ്റ അധികാരം പോസ്റ്റ് ഓഫിസുകള്‍ക്ക് നല്‍കിയത്. കോടിക്കണക്കിന് രൂപയാണ് പോസ്റ്റ് ഓഫിസുകളിലൂടെ എത്തിയത്. സീരിയല്‍ നമ്പറും കൊടുത്തയാളുടെ പേരും എഴുതിവെച്ചാണ് ഹെഡ് പോസ്റ്റ് ഓഫിസുകളിലൊഴികെ ഇത് സ്വീകരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.