Currency

കാവേരി: സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകന്‍Saturday, December 10, 2016 11:55 am

ട്രൈബ്യൂണല്‍ തീരുമാനം ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം തള്ളി മൂന്നംഗ ബെഞ്ചിന്റെ വിധി. കാവേരി നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും നടപടി സുപ്രീംകോടതി ശരിവെച്ചു.

ന്യൂഡല്‍ഹി: കാവേരി നദീജല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി. ട്രൈബ്യൂണല്‍ തീരുമാനം ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം തള്ളി മൂന്നംഗ ബെഞ്ചിന്റെ വിധി. കാവേരി നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും നടപടി സുപ്രീംകോടതി ശരിവെച്ചു. കഴിഞ്ഞ ഒക്ടോബര്‍ 18ന് 2000 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

കാവേരി പരിപാലന ബോര്‍ഡ് രൂപവത്കരണത്തിന് നിര്‍ദേശം നല്‍കാനും ട്രൈബ്യൂണല്‍ ഉത്തരവ് പുനഃപരിശോധിക്കാനും സുപ്രീംകോടതിക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സുപ്രീംകോടതിയുടെ നിര്‍ദേശം നിയമനിര്‍മാണ സഭകളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.

നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ കാവേരി ബോര്‍ഡ് രൂപവത്കരണ കാര്യത്തില്‍ സുപ്രീംകോടതിക്ക് അനുകൂലമായി നിന്ന മോദി സര്‍ക്കാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനെതിരെ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചപ്പോഴാണ് വിപരീത നിലപാട് കൈക്കൊണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x