Currency

പിന്‍വലിച്ച നോട്ടുകളുടെ 90 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്

സ്വന്തം ലേഖകന്‍Wednesday, December 14, 2016 11:10 am

ന്യൂഡല്‍ഹി: രാജ്യത്ത് പിന്‍വലിച്ച 1000 ,500 നോട്ടുകളുടെ 90 ശതമാനത്തോളവും ബാങ്കുകളില്‍ തിരികെയെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കുമ്പോള്‍ 14 ലക്ഷം കോടിയുടെ 1000, 500 നോട്ടുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നതായാണ് കണക്ക്. ഡിസംബര്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം 12.44 ലക്ഷം കോടി രൂപ തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍.ഗാന്ധി അറിയിച്ചു.

നോട്ട് നിരോധനം മൂലം കള്ളപ്പണവും കള്ളനോട്ടുകളുമായി വലിയൊരു പങ്ക് ബാങ്കിലെത്താതെ അസാധുവാക്കപ്പെടും എന്ന സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ക്ക് പുതിയ കണക്കുകള്‍ മങ്ങലേല്‍പ്പിക്കുന്നുണ്ട്.

പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 31 വരെ സമയമുണ്ടെന്നിരിക്കേ ഈ തുക ഇനിയും ഉയരും. ബാങ്കിലെത്തുന്ന പഴയനോട്ടുകളുടെ എണ്ണം കൂടുന്നത് കള്ളപ്പണം സംബന്ധിച്ച സര്‍ക്കാറിന്റെ അവകാശവാദങ്ങളുടെ മുനയൊടിച്ചേക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. അല്ലെങ്കില്‍ നോട്ട് അസാധുവാക്കിയതിനുശേഷം വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്നും സര്‍ക്കാരിന് സമ്മതിക്കേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x