Currency

തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴിയാക്കുന്നു; നിയമഭേദഗതിക്ക് അംഗീകാരം

സ്വന്തം ലേഖകന്‍Thursday, December 15, 2016 11:55 am

ന്യൂഡല്‍ഹി: വ്യവസായ, വ്യാപാര സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ ശമ്പളം ബാങ്ക് വഴി നല്‍കണമെന്ന് നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കി. വേതനം ചെക്ക് വഴിയോ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്നതോ നിര്‍ബന്ധമാക്കി പണമായി കൈയില്‍ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കാനാണ് തീരുമാനം. 1936ലെ വേതന നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ നീക്കത്തിനു നിയമ സാധുതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

വേതനം ബാങ്ക് വഴിയാകുന്നതോടെ തൊഴിലാളികള്‍ക്ക് കൂലി യഥാവിധി ലഭിക്കുന്നുണ്ടെന്നും തൊഴിലാളികളുടെ വേതനത്തിന്റെ പേരിലുള്ള നികുതി വെട്ടിപ്പ് കണ്ടത്തൊനാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. തൊഴിലാളികള്‍ക്ക് തുച്ഛമായ വേതനം നല്‍കുകയും കണക്കില്‍ ഉയര്‍ന്ന വേതനം എഴുതിച്ചേര്‍ത്ത് ചെലവ് പെരുപ്പിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന രീതി പല കമ്പനികളും സ്വീകരിക്കാറുണ്ട്.

ശമ്പളവിതരണം ബാങ്ക് വഴിയാക്കിയാലും ഇത്തരം വെട്ടിപ്പുകളും ചൂഷണവും തടയാനാകുമോയെന്ന സംശയവും നിലനില്‍ക്കുന്നു. ബാങ്ക് അക്കൗണ്ടിലേക്ക് ഉയര്‍ന്ന ശമ്പളം നല്‍കുകയും അതില്‍ നിന്നൊരു വിഹിതം തിരിച്ചുപിടിക്കുകയും ചെയ്യുന്ന രീതി നഴ്‌സിങ് മേഖലയിലും അണ്‍ എയ്ഡഡ് സ്‌കൂളുകളിലും വര്‍ഷങ്ങളായി തുടരുന്ന ചൂഷണമാണ്. ശമ്പളം ബാങ്ക് വഴിയാക്കുന്ന തീരുമാനം ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള റെയില്‍വേ, ഖനന മേഖല, എണ്ണ കമ്പനി തുടങ്ങിയവയില്‍ കേന്ദ്രം നേരിട്ട് നടപ്പാക്കും. കേരളം, ആന്ധ്രപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊഴിലാളികളുടെ വേതനം ബാങ്ക് വഴി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x