Currency

പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്; പതഞ്ജലിയ്ക്ക് 11 ലക്ഷം പിഴ

സ്വന്തം ലേഖകന്‍Thursday, December 15, 2016 2:23 pm

ഡൊറാഡൂണ്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് യോഗ ഗുരു രാംദേവിന്റ പതഞ്ജലി ഗ്രൂപ്പിന്റെ അഞ്ച് ഉത്പനങ്ങള്‍ക്ക് 11 ലക്ഷം രൂപ പിഴ. ഹരിദ്വാര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ലളിത് നരേന്‍ മിസ്രയാണ് പിഴ വിധിച്ചത്. മറ്റ് കമ്പനികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ സ്വന്തം ലേബലില്‍ വിറ്റതും അവയുടെ പരസ്യം നല്‍കിയതുമാണ് പിഴയ്ക്ക് കാരണമായത്.

ഭക്ഷ്യ സുരക്ഷ നിയമത്തിലെ 52,53 വകുപ്പുകളും പാക്കേജിങ് ആന്‍ഡ് ലേബലിങ് ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് പിഴ. ഒരു മാസത്തിനകം പിഴ ഒടുക്കണം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കുന്നതിനെതിരെ ഈ വര്‍ഷം ജൂലൈയില്‍ പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പതഞ്ജലിയുടേത് ശുദ്ധമായ കടുകെണ്ണയാണെന്നും മറ്റു കമ്പനികളുടേതില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉണ്ടെന്നുമായിരുന്നു പരസ്യങ്ങളില്‍ പറഞ്ഞിരുന്നത്. പൈനാപ്പിള്‍ ജാം ഉള്‍പ്പെടെയുള്ള ഫ്രൂട്ട് ജ്യൂസുകളുടെ കാര്യത്തിലും പതഞ്ജലി പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചിരുന്നു. മറ്റു ബ്രാന്‍ഡുകളില്‍ ഉപയോഗിക്കുന്ന പഴത്തിന്റെ പള്‍പ്പ് കുറവാണെന്നും പതഞ്ജലിയില്‍ ഇതിന്റെ അളവ് കൂടുതല്‍ ആണെന്നുമാണ് പരസ്യങ്ങളില്‍ അവകാശപ്പെട്ടിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x