
ന്യൂഡല്‍ഹി: പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ കാര്‍ഡോ ആധാറിന് അപേക്ഷ സമര്‍പ്പിച്ചതിന്റെ രേഖയോ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അംഗീകരിച്ചാണ് ഇടക്കാല ഉത്തരവ്. അതേസമയം ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ കണക്ഷനുകള്‍ തുടങ്ങിയവക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ സേവനപദ്ധതികള്‍ക്കും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനും ആധാര്‍ നിയമത്തിന്റെ ഏഴാം വകുപ്പില്‍ പറഞ്ഞ 139 സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സബ്സിഡികള്‍ക്കും വിധി ബാധകമാണ്. മൊബൈലുകള്‍ അടുത്തവര്‍ഷം ഫെബ്രുവരി ആറിനകം ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.
തീയതി നീട്ടിയ വിവരം സംസ്ഥാന സര്‍ക്കാറുകളെ അറിയിക്കണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ആധാര്‍ കാര്‍ഡിന്റെ പേരില്‍ അടിസ്ഥാന ക്ഷേമപദ്ധതികളും സബ്സിഡികളും നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് ഓര്‍മിപ്പിച്ചു. ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സമര്‍പ്പിച്ച 28 ഹര്‍ജികളില്‍ അന്തിമവിധി പുറപ്പെടുവിക്കുന്നതു വരെ ഇടക്കാല ഉത്തരവ് നിലനില്ക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.