Currency

സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ പഞ്ചിങ്; ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റില്‍ നടപ്പാക്കും

സ്വന്തം ലേഖകന്‍Saturday, October 14, 2017 5:33 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ആധാര്‍ പഞ്ചിങ്. തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേറെ ഓഫീസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. വിശദ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് ഐടി വകുപ്പ് ആവശ്യപ്പെട്ടു. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴി വാങ്ങും. 5250 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.

നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തെ ഓഫീസില്‍ നിന്ന് പോകുന്നതോ ജീവനക്കാരെ ബാധിക്കാറില്ല.

കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറെ ഓഫീസുകളില്‍ എന്‍ഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്വെയര്‍ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടന്‍ നടപ്പാക്കാന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്. മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. മറ്റ് ഓഫീസുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോകുന്ന ജീവനക്കാര്‍ അവിടെ പഞ്ച് ചെയ്താല്‍ മതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x