
കണ്ണൂര്‍: എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍- അബൂദബി റൂട്ടില്‍ തുടങ്ങുന്ന വിമാന സര്‍വീസിന്റെ സമയക്രമം യാത്രക്കാരുടെ താല്പര്യങ്ങള് പരിഗണിക്കാത്തതെന്ന് വ്യാപക പരാതി. അബൂദബിയില്‍ നിന്ന് ഉച്ചക്ക് 12.30ന് വിമാനം പുറപ്പെടുന്നതിനാല്‍ ജോലി കഴിഞ്ഞ് പോകാനാവില്ലെന്നതാണ് യാത്രക്കാര്‍ക്ക് പ്രയാസമാകുന്നത്. അതു കാരണം യാത്രക്കായി മാത്രം ഒരു ദിവസം അവധി എടുക്കേണ്ടി വരും. ഷാര്‍ജയില്‍നിന്ന് രാത്രി ഏഴിനും ദുബായില്‍നിന്ന് രാത്രി 11.30നും കണ്ണൂരിലേക്ക് വിമാനം പുറപ്പെടുന്നതിനാല്‍ ജോലി കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് പോകാനുള്ള സൗകര്യമുണ്ട്. ഇത്തരത്തില്‍ സൗകര്യം ലഭിക്കുന്ന വിധം അബൂദബിയില്‍നിന്നുള്ള സര്‍വീസും ക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കണ്ണൂര്‍-ദുബായ്, കണ്ണൂര്‍-ഷാര്‍ജ റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നിത്യേന സര്‍വീസ് നടത്തുമ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് കണ്ണൂര്‍-അബൂദബി സര്‍വീസ്. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണിത്.
ഇതില്‍ ചൊവ്വ, ഞായര്‍ ദിവസങ്ങള്‍ യു.എ.ഇയില്‍ പ്രവൃത്തി ദിനമാണ്. വെള്ളി, ശനി ദിവസങ്ങളിലാണ് വാരാന്ത്യ അവധി എന്നതിനാല്‍ ആ ദിവസങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നതിന് മിക്ക പ്രവാസികളും വ്യാഴാഴ്ചയാണ് വാര്‍ഷികാവധിക്കും മറ്റു ഉത്സവ അവധികള്‍ക്കും നാട്ടില്‍ പോകാറുള്ളത്. യു.എ.ഇയില്‍ ഉത്സവ അവധികള്‍ കൂടുതലായി അനുവദിക്കാറുള്ളതും വാരാന്ത്യ അവധികള്‍ ചേര്‍ത്താണ്. എന്നാല്‍, ഉച്ചക്ക് 12.30ന് അബൂദബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടുന്നതിനാല്‍ വ്യാഴാഴ്ച ജോലി കഴിഞ്ഞ് ആ വിമാനത്തില്‍ പോകാനാവില്ല. ഓഫിസുകളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് പുറമെ കുടുംബങ്ങളും നാട്ടിലേക്ക് പോകാന്‍ തെരഞ്ഞെടുക്കുന്ന ദിവസമാണ് വ്യാഴം. വെള്ളി, ശനി ദിവസങ്ങള്‍ സ്കൂള്‍ അവധി ആയതിനാല്‍ വ്യാഴാഴ്ച സ്കൂള്‍ വിട്ടതിന് ശേഷം കുട്ടികളെയും കൂട്ടി നാട്ടിലേക്ക് പുറപ്പെടുകയാണ് കുടുംബങ്ങളുടെ പതിവ്. എന്നാല്‍, സ്കൂള്‍ സമയം അവസാനിക്കുന്നതിന് മുമ്പ് വിമാനം പോകുന്നതിനാല്‍ കുടുംബങ്ങളെ സംബന്ധിച്ചും ഈ സമയക്രമം അനുയോജ്യമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.