Currency

ഇന്ത്യ- ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ ഡിസംബര്‍ 31 വരെ നീട്ടി

സ്വന്തം ലേഖകന്‍Friday, October 30, 2020 1:13 pm

ന്യൂഡല്‍ഹി: ഇന്ത്യ- ഖത്തര്‍ എയര്‍ ബബിള്‍ ധാരണ നീട്ടി. ഡിസംബര്‍ 31 വരെയാണ് കരാര്‍ നീട്ടിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് നിലവിലുള്ള വിമാന സര്‍വീസുകള്‍ അതേപടി തുടരും. ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം. ഒക്ടോബര്‍ 31 വരെ കാലാവധിയുണ്ടായിരുന്ന ഈ കരാറാണ് ഡിസംബര്‍ 31 വരെ നീട്ടിയത്. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍ കാലാവധി.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് കഴിഞ്ഞ ഓഗസ്റ്റ് 18ന് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇക്കാര്യം സ്ഥിരീകരിച്ചു. എയര്‍ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങി വന്ദേഭാരത് സര്‍വീസ് നടത്തുന്ന കമ്പനികള്‍ നിലവില്‍ കരാറനുസരിച്ച് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് നേടിയവര്‍ക്കാണ് യാത്ര സാധ്യമാകുക. വിസാകാലാവധി തീര്‍ന്നവര്‍ക്കും റീ എന്‍ട്രിപെര്‍മിറ്റിന് അപേക്ഷിക്കാം. വിസാ കാലാവധി കഴിഞ്ഞവര്ക്കുള്ള ഫീസ് നേരത്തെ ഖത്തര്‍ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x