Currency

കണ്ണൂര്‍ മസ്‌കത്ത് സര്‍വീസിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

സ്വന്തം ലേഖകന്‍Wednesday, November 21, 2018 1:29 pm

കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മസ്‌കത്ത് സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തയാറെടുക്കുന്നു. യാത്രക്കാരുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് സര്‍വീസ് തുടങ്ങാന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നത്. അബുദാബി, റിയാദ്, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തെ തുടങ്ങിയിരുന്നു. ദുബായ്, മസ്‌കത്ത് എന്നിവിടങ്ങളിലേക്കു സര്‍വീസ് നടത്തുന്നതിനുള്ള അനുമതി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍(ഡിജിസിഎ) നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിനു ലഭിച്ചിട്ടുണ്ട്.

ഇതില്‍ ദുബായിലേക്കുള്ള പ്രതിദിന സര്‍വീസ് ആദ്യം തുടങ്ങാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും, മസ്‌കത്തില്‍ നിന്നാണ് ഏറ്റവുമധികം യാത്രക്കാര്‍ സര്‍വീസ് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ബന്ധപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും മസ്‌കത്ത് സര്‍വീസിനായി ക്യാംപയിന്‍ തുടങ്ങിയിരുന്നു. വിമാനത്തിന്റെ കുറവാണ് സര്‍വീസ് തുടങ്ങാന്‍ തടസ്സമെന്നാണ് അറിയുന്നത്.

24 ബോയിങ് 737800 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുവേണ്ടി രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നത്. പുതിയ ഒരു വിമാനംകൂടി ഈ മാസം അവസാനത്തോടെ എത്തുന്നുണ്ട്. ഇവകൂടി വരുന്നതോടെ മസ്‌കത്ത് സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x