Currency

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു; യാത്ര റദ്ദാക്കുന്നതും തീയതി മാറ്റുന്നതും സൗജന്യം

സ്വന്തം ലേഖകന്‍Friday, August 17, 2018 2:27 pm

 

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇതു പൂര്‍ണമായും സൗജന്യമായിരിക്കും. മഴക്കെടുതി കണക്കിലെടുത്താണ് കേരളത്തിലേക്കുള്ള സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യാത്രക്കാര്‍ക്കു യാത്രാ തീയതി മാറ്റുകയോ പുറപ്പെടുന്ന സ്ഥലം മാറ്റുകയോ ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്നു പുറപ്പെടാനും ഇവിടങ്ങളില്‍ എത്തിച്ചേരാനും തീരുമാനം ബാധകമാണ്.

സെക്ടറുകള്‍ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയില്‍നിന്നു മാത്രം 92 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനു ദുബായിലേക്കുള്ളത്. യാത്രകള്‍ റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും. ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x