പൊതുമാപ്പ് ഉപയോഗപ്പെടുത്തി റിയാദ്, ജിദ്ദ, ദമാം എന്നീ സൗദിയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഡൽഹി, മുംബൈ, ഹൈദരാബാദ് , കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും
റിയാദ്/ന്യൂഡൽഹി: സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ. സൗദിയിലെ വിവിധ നഗരങ്ങളിൽ നിന്നും ഇന്ത്യയിലെ പ്രധാന അഞ്ച് സെക്ടറുകളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക. റിയാദ്, ജിദ്ദ, ദമാം എന്നീ സൗദിയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഡൽഹി, മുംബൈ, ഹൈദരാബാദ് , കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും.
ഡൽഹിയിലേക്ക് 659 റിയാലും ബാക്കി സെക്ടറുകളിലേക്ക് 595 റിയാലുമാണ് എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക്. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന നിരക്കിളവ് പൊതുമാപ്പ് അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസമായ ജൂൺ 27 വരെ നീണ്ടുനിൽക്കും. ഒൗട്ട് പാസോ അല്ലെങ്കിൽ പൊതുമാപ്പ് ആനുകൂല്യത്തിൽ മടങ്ങുന്നയാളാണെന്ന് തെളിയിക്കുന്ന മറ്റു രേഖകളോ ഹാജരാക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.
500 റിയാലാണ് ഇവർക്ക് ടിക്കറ്റ് നിരക്ക് നൽകേണ്ടി വരിക. ഇതോടൊപ്പം ഡൽഹിയിലേക്ക് 159 റിയാലും ബാക്കി കേന്ദ്രങ്ങളിലേക്ക് 95 റിയാലും നികുതിയിനത്തിൽ ഈടാക്കുന്നതാണെന്ന് എയർ ഇന്ത്യ റിയാദ് റീജനൽ മാനേജർ കുന്ദൻ ലാൽ ഗൊത്തുവാൾ അറിയിച്ചു. സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്രദമാക്കാൻ ഇന്ത്യൻ നയതന്ത്ര കാര്യാലയം നടത്തുന്ന പ്രവർത്തനങ്ങളിൽ എയർ ഇന്ത്യയും പിന്തുണ നൽകുകയാണ് ഇതുവഴിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.