Currency

105 കോടി ലാഭം: എയര്‍ ഇന്ത്യയുടെ വാദം തള്ളി സിഎജി; നഷ്ടം 321.4 കോടി

സ്വന്തം ലേഖകന്‍Saturday, March 11, 2017 11:22 am

ന്യൂഡല്‍ഹി: 105 കോടിയുടെ പ്രവര്‍ത്തന ലാഭം നേടിയെന്ന എയര്‍ ഇന്ത്യയുടെ അവകാശ വാദം തള്ളി സിഎജി. പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലാഭത്തിലെത്തിയെന്നും 2015-16 സാമ്പത്തിക വര്‍ഷം 105 കോടി ലാഭം നേടിയെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ വാദം. അതേസമയം നഷ്ടം കണക്കാതെയാണ് ലാഭ വാദമെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ പ്രവര്‍ത്തന നഷ്ടം 321.4 കോടിയാണെന്നും സിഎജി പറയുന്നു.

അക്കൗണ്ടിങ് നടപടിക്രമങ്ങളില്‍ പുലര്‍ത്തേണ്ട വ്യവസ്ഥകള്‍ പാലിച്ചല്ലായിരുന്നു ലാഭം കണ്ടെത്തിയ റിപ്പോര്‍ട്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. കടുത്ത മത്സരം നടക്കുന്ന വ്യോമയാന മേഖലയില്‍ എയര്‍ ഇന്ത്യയ്ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ 30,000 കോടി രൂപയുടെ സാമ്പത്തിക രക്ഷാ പാക്കേജിലാണ് എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. 2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യ ലയനം നടന്നതിനുശേഷം കേന്ദ്ര ഉടമസ്ഥതയിലുള്ള വിമാനകമ്പനിയ്ക്ക് ഇതുവരെ ലാഭത്തിലെത്താന്‍ സാധിച്ചിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x