Currency

അമിതഭാരം: 57 എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗങ്ങളെ ജോലിയില്‍ നിന്ന് മാറ്റി

സ്വന്തം ലേഖകന്‍Friday, January 20, 2017 1:33 pm

ആറു മാസത്തേക്ക് താത്ക്കാലികമായാണ് ക്യാബിന്‍ ക്രൂ അംഗങ്ങളെ ഗ്രൗണ്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഭാരം കുറയ്ക്കാന്‍ ഇവര്‍ക്ക് എയര്‍ ഇന്ത്യ സമയ പരിധി നല്‍കിയിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ഭാരം കുറച്ചില്ലെങ്കില്‍ ഇവരെ ഗ്രൗണ്ട്ഡ്യൂട്ടിയില്‍ സ്ഥിരപ്പെടുത്തും.

ന്യൂഡല്‍ഹി: അമിതഭാരം മൂലം എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസുകളടക്കമുള്ള 57 ക്യാബിന്‍ ക്രൂ അംഗങ്ങളെ വിമാനത്തിലെ ജോലിയില്‍ നിന്നും വിമാനത്താവളത്തിലെ ജോലികളിലേക്ക് മാറ്റി. നിയമ പ്രകാരം ഒരു വ്യക്തിയുടെ നീളവും ഭാരവും തമ്മിലുള്ള അനുപാതത്തിന്റെ പരിധി (ബി.എം.ഐ) കവിഞ്ഞതാണ് ഈ ക്യാബിന്‍ ക്രൂ അംഗങ്ങളെ വിമാനത്തിലെ ജോലിയില്‍ നിന്ന് മാറ്റാനിടയാക്കിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ആറു മാസത്തേക്ക് താത്ക്കാലികമായാണ് ക്യാബിന്‍ ക്രൂ അംഗങ്ങളെ ഗ്രൗണ്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഭാരം കുറയ്ക്കാന്‍ ഇവര്‍ക്ക് എയര്‍ ഇന്ത്യ സമയ പരിധി നല്‍കിയിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ഭാരം കുറച്ചില്ലെങ്കില്‍ ഇവരെ ഗ്രൗണ്ട്ഡ്യൂട്ടിയില്‍ സ്ഥിരപ്പെടുത്തും. വിമാനത്താവള ജോലിയിലേക്ക് മാറ്റുന്നതോടെ ഇവര്‍ക്ക് ഫ്‌ളെയിംഗ് അലവന്‍സ് ഇനത്തില്‍ ഒരു മാസം 35000 രൂപ മുതല്‍ 50000 രൂപ വരെ നഷ്ടമാകും.

2014 ലാണ് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ എയര്‍ലൈന്‍ മേഖലയിലെ ജീവനക്കാരുടെ ബോഡി മാസ്സ് ഇന്‍ഡക്‌സ് പുറത്തുവിട്ടത്. നിശ്ചിത ശരീരഭാരത്തില്‍ അധികം ഭാരമുള്ള ജീവനക്കാര്‍ താല്‍കാലികമായി ഫ്‌ളൈറ്റ് സര്‍വീസിന് യോഗ്യരല്ലെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ മാനദണ്ഡങ്ങളില്‍ പറയുന്നു. ഇവര്‍ക്ക് മൂന്നു മാസം വരെ സമയം അനുവദിക്കും. അതിനുള്ളില്‍ ഭാരം കുറച്ചില്ലെങ്കിലാണ് താത്ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x