Currency

സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Tuesday, July 24, 2018 6:58 pm

 

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസ ലോകത്ത് നിന്നും മറ്റും വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിരക്ക് എയര്‍ ഇന്ത്യ കുറച്ചത്. കിടപ്പുരോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടി വരെ വര്‍ധിപ്പിക്കാനായിരുന്നു എയര്‍ ഇന്ത്യ തീരുമാനം. ഈ മാസം ഇരുപതിനാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവന്നത്.

പ്രവാസികളായ പാവപ്പെട്ട രോഗികള്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു പുതിയ തീരുമാനം. അതുകൊണ്ടു തന്നെ തീരുമാനം ഉടനടി പിന്‍വലിക്കണമെന്ന് പ്രവാസി സംഘടനകളും മറ്റും ആവശ്യപ്പെട്ടു. സര്‍ക്കുലര്‍ റദ്ദാക്കിയതായി എയര്‍ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.

സര്‍ക്കുലര്‍ റദ്ദാക്കിയതോടെ കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്, ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പഴയ നിരക്കായ തൊണ്ണൂറ്റിഅയ്യായിരം രൂപ നല്‍കിയാല്‍ മതി. ബംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് കൂട്ടിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x