Currency

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍: റിപ്പോര്‍ട്ടിന് അംഗീകാരം

സ്വന്തം ലേഖകന്‍Tuesday, January 30, 2018 2:17 pm

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച വിശദ പഠന റിപ്പോര്‍ട്ടിന് എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ അംഗീകാരം. നവംബര്‍ 23ന് കരിപ്പൂരില്‍ ചേര്‍ന്ന അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ വിമാന കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗതീരുമാന പ്രകാരം തയാറാക്കിയ 71 പേജുള്ള റിപ്പോര്‍ട്ടിനാണ് അതോറിറ്റി അംഗീകാരം നല്‍കിയത്. അന്തിമ അനുമതിക്കായി റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറി.

300 മുതല്‍ 400 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ബി 777200 ഇ.ആര്‍, ബി 777200 എല്‍.ആര്‍, എ 330300, എ 330200, ബി 787 ഡ്രീം ലൈനര്‍ തുടങ്ങിയ വിമാനങ്ങളുടെ സര്‍വിസിന് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്ന് അതോറിറ്റി സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള പ്രധാന തടസ്സമാണ് നീങ്ങിയത്. റിപ്പോര്‍ട്ടിന് ഡി.ജി.സി.എ ഡയറക്ടറുടെ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

2015 മേയ് ഒന്ന് മുതലാണ് റണ്‍വേ നവീകരണത്തിന്റെ പേരില്‍ കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സര്‍വിസുകള്‍ പുനരാരംഭിക്കാനായി റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം 90 മീറ്ററില്‍നിന്ന് 240 മീറ്ററായി വര്‍ധിപ്പിക്കാനുള്ള പ്രവൃത്തിയും കരിപ്പൂരില്‍ നടക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x