
തിരുവനന്തപുരം: വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ അടങ്ങിയ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തവിറക്കി. ആര്‍ഇഎല്‍ഐഎസ് സോഫ്റ്റ് വെയറില്‍ ഭൂവുടമകളുടെ വിവരങ്ങള്‍ ആധാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ വിവിധ തണ്ടപ്പേരിലുള്ള ഭൂമികള്‍ ഒരു നമ്പറിലേക്ക് ക്രോഡീകരിക്കപ്പെടും.
സംസ്ഥാനത്തെ എല്ലാ പൗരന്‍മാര്‍ക്കും ആധാര്‍ അധിഷ്ഠിത യൂണീക്ക് തണ്ടപ്പേര്‍ നടപ്പിലാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ച് ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സംസ്ഥാന റവന്യൂ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
പുതിയ നിര്‍ദേശം നടപ്പിലാവുന്നതോടെ ഒരാളുടെ പേരില്‍ വിവിധ വിലാസങ്ങളില്‍ സംസ്ഥാനത്തെവിടെയും റജിസ്റ്റര്‍ ചെയ്ത സ്ഥലങ്ങള്‍ ഒറ്റ തണ്ടപ്പേരില്‍ ഉള്‍ക്കൊള്ളിക്കാനും പരിധിയിലേറെ ഭൂമി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും കഴിയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 15 ഏക്കറാണ് ഒരാള്‍ക്കു പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമി. ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് നടപടി. എന്നാല്‍, ഈ വിവരങ്ങളുമായി ആധാര്‍ ലിങ്ക് ചെയ്യാന്‍ ഉടമകളെ നിര്‍ബന്ധിക്കില്ലെന്നാണ് പുറത്തുവരുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.