
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലൂടെയുള്ള പണമിടപാടുകള്‍ രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കാനായി പുറത്തിറക്കിയ ‘ഭീം’ ആപ്ലിക്കേഷനില്‍ കനത്ത സുരക്ഷാ വീഴ്ച. അജ്ഞാതരില്‍ നിന്ന് ആപ്പിലൂടെ പേയ്‌മെന്റ് റിക്വസ്റ്റുകളെത്തുന്നതാണ് ആപ്പിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയായത്. പരാതികള്‍ വ്യാപകമായതോടെ പ്രശ്‌നം പരിഹരിച്ച് ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി.
ഇതിനോടകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ അത് അപ്‌ഡേറ്റ് ചെയ്യണമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) അറിയിച്ചു. ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ എത്തി അധികം വൈകും മുമ്പ് ഭീം ഇന്ത്യയില്‍ നിന്നുള്ള സൗജന്യ മൊബൈല്‍ ആപ്പുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ചിലര്‍ക്ക് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും ചിലര്‍ക്ക് പണം കൈമാറാനാകുന്നില്ലെന്നുമൊക്കെ പരാതികളുണ്ട്. പണം കൈമാറുമ്പോള്‍ അതിന്റെ സന്ദേശങ്ങളെത്താത്തതും പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ പുതുക്കിയ പതിപ്പില്‍ ഇതൊക്കെ പരിഹരിച്ചിട്ടുണ്ടെന്ന് എന്‍.പി.സി.ഐ. അവകാശപ്പെടുന്നു.
രാജ്യത്ത് നിലവിലുണ്ടായിരുന്ന യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സിന് പകരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ഭാരത് ഇന്റര്‍ഫെയ്‌സ് ഫോര്‍ മണി എന്ന ഭീം ആപ്പ് പുറത്തിറക്കിയത്. ഇതുവഴിയുള്ള പ്രതിദിന ഇടപാടുകളുടെ എണ്ണം 45,00050,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇടപാടിന്റെ മൂല്യമാകട്ടെ നാല് കോടി രൂപയ്ക്കടുത്താണ്. സ്വന്തം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന ഭീം ആപ്പിലൂടെ ഒറ്റത്തവണ പരമാവധി 10,000 രൂപയുടെ ഇടപാട് നടത്താം. 24 മണിക്കൂറിനുള്ളില്‍ 20,000 രൂപ വരെ കൈമാറാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.