
കൊച്ചി: കോഡ് ഇ ഗണത്തില്‍പ്പെടുന്ന ഇടത്തരം വലിയ വിമാനങ്ങള്‍ സുരക്ഷിതമായി ഇറങ്ങുന്നതിന് തടസമില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഈ വര്‍ഷവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വിസിന് അനുമതിയില്ല. തുടര്‍ച്ചയായി നാലാം വര്‍ഷവും കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ കൊണ്ടുപോകുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത് നെടുമ്പാശ്ശേരിയില്‍ നിന്നാണ്.
2002 മുതല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായ കരിപ്പൂരിനെ അവഗണിച്ചാണ് ഇത്തവണയും മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ 2015 മുതലാണ് കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ് താല്‍ക്കാലികമായി നെടുമ്പാശേരിയിലേക്ക് മാറ്റിയത്. എന്നാല്‍, പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ കരിപ്പൂരില്‍ റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അതേസമയം ഈ വര്‍ഷം എംബാര്‍ക്കേഷന്‍ പോയന്റിന്റെ എണ്ണം 21 ല്‍ നിന്ന് 20 ആയും കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെയുണ്ടായിരുന്ന ഇന്‍ഡോറിനെയാണ് ഒഴിവാക്കിയത്. രാജ്യത്തെ 20 വിമാനത്താവളങ്ങളില്‍ നിന്നുള്ള ഹജ്ജ് സര്‍വിസിനാണ് ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാനകമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഇന്‍ഡോറില്‍ നിന്നുള്ളവര്‍ക്ക് ഇത്തവണ മുംബൈ വഴിയാണ് യാത്ര.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.