
ന്യൂഡല്‍ഹി: കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കുന്നു. ബാങ്കുകളും പൊതുമേഖല സ്ഥാപനങ്ങളും പ്രൊഫഷണല്‍ കോളജുകളിലും മറ്റും നടത്തി വന്നിരുന്ന ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴിയുള്ള തെരഞ്ഞെടുപ്പ് രീതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഭരണഘടന ലംഘനം ചൂണ്ടിക്കാട്ടി നിയമ മന്ത്രാലയം നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ് അവസാനിപ്പിക്കുന്നത്.
നേരത്തെ ക്യാമ്പസ് റിക്രൂട്ട്മെന്റുകള്‍ സര്‍ക്കാര്‍ കോളജുകളെയും മറ്റ് പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയും ഒഴിവാക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം നടത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. മദ്രാസ് ഹൈക്കോടതിയും ഇതേ അഭിപ്രായം രേഖപ്പെടുത്തുകയും റിക്രൂട്ട്മെന്റ് ചില സ്ഥാപനങ്ങളില്‍ മാത്രം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഈ നിരീക്ഷണത്തെ ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.