2019 യു.എ.ഇ ‘സഹിഷ്ണുതാ വര്‍ഷ’മായി ആചരിക്കും. പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സമൂഹത്തില്‍ സഹവര്‍ത്തിത്വത്തിന്റേയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം.
വിസാസേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ദുബായ് ഇമിഗ്രേഷന്‍ വകുപ്പ്. ജി.ഡി.ആര്.എഫ്.എയില്‍ അപേക്ഷ സമര്‍പ്പിച്ച് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും വിസ ലഭിച്ചില്ലെങ്കില്‍ 8005111 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ സേവനവിഭാഗമായ അമര്വിഭാഗം ഉടന്‍ തുടര്‍നടപടികളില്‍ സഹായിക്കും.
സാമൂഹ്യ വികസനത്തിന് മുഖ്യ പരിഗണന നല്കി 2019ലേക്കുള്ള യുഎഇ ബജറ്റിന് അംഗീകാരം. വകയിരുത്തിയ 6,030 കോടി ദിര്‍ഹത്തില്‍ 59 ശതമാനവും വിദ്യാഭ്യാസ, സാമൂഹിക വികസനത്തിനായാണ് നീക്കിവച്ചിരിക്കുന്നത്.
യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ മൊത്തം അംഗങ്ങളുടെ പകുതി വനിതകളായിരിക്കണം എന്ന് പുതിയ ഉത്തരവ്. എല്ലാ തുറകളിലും മതിയായ ലിംഗസമത്വം ഉറപ്പു വരുത്തുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് തീരുമാനം.
ദുബായില്‍ എത്തുന്ന വിദേശ സന്ദര്‍ശകരില്‍ കൂടുതല്‍ ഇന്ത്യക്കാരെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം 1.15 കോടി സന്ദര്‍ശകരാണ് ദുബായില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കുറിയും ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയിരിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്.
ഷോപ്പിങ് പ്രേമികള്‍ കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന് ആരംഭിക്കും. 3200 ഔട്ട്ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡിഎസ്എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാവുക.
കെട്ടിടങ്ങളുടെ വാടക കുറയുന്നത് ദുബായിലെ താമസക്കാര്‍ക്ക് അനുഗ്രഹമാകുന്നു. നേരത്തെ നല്‍കിയിരുന്ന അതേ വാടകയില്‍ കൂടുതല്‍ മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ കണ്ടെത്താന്‍ അവസരം ലഭിച്ചതോടെ നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ദുബായ് 92 സൈക്കിള്‍ ചലഞ്ചിന് വേണ്ടി നിരവധി റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ജലാലിയ ഫൗണ്ടേഷന് വേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സൈക്കിള്‍ റേസിന്റെ ഒന്‍പതാം എഡിഷനില്‍ രണ്ടായിരത്തിലധികം പേര് പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഈ വാരാന്ത്യത്തില്‍ ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരെത്തുമാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് പരിഗണിച്ച് മൂന്ന് മണിക്കൂര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് എമിറേറ്റ്സിന്റെ അറിയിപ്പ്. ഡിസംബര്‍ 14 വെള്ളിയാഴ്ചയായിരിക്കും ഏറ്റവുമധികം തിരക്ക്.
മദ്ധ്യപൂര്‍വദേശത്തെ ആദ്യ ‘മൊബൈല്‍ പെട്രോള്‍ പമ്പ്’ ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് പ്രയോജനകരമായ തരത്തില്‍ കുറഞ്ഞ സ്ഥലം മാത്രം ഉപയോഗിച്ച് സജ്ജീകരിക്കുന്നതാണ് ഇത്തരം പമ്പുകള്‍.