കുവൈത്തില്‍ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയ 21 ഇന്ത്യക്കാരെ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു. തെലുങ്കാന സ്വദേശികളാണ് പിടിയിലായത്. നാട്ടിലെ ലൈംഗികാതിക്രമക്കേസില്‍ പിടിയിലായ പ്രതിയെ തൂക്കിക്കൊല്ലണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിടിയിലായവരെ ഉടന്‍ നാടുകടത്തുമെന്നു ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വിസ് ആരംഭിച്ച് രാജ്യാന്തര തലത്തില്‍തന്നെ ഉന്നത നിലവാരത്തിലുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ് തുടങ്ങിയവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയര്‍വേസ്. പഴയ വിമാനങ്ങള്‍ മാറ്റിയും പുതിയത് പാട്ടത്തിനെടുത്തും കൂടുതല്‍ മത്സരക്ഷമമാക്കാന്‍ ശ്രമിക്കുകയാണ് അധികൃതര്‍.
വിസ നിയമങ്ങള്‍ ലംഘിച്ച 522 പ്രവാസികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തു. കാലാവധി കഴിഞ്ഞ വിസ പുതുക്കാതിരിക്കുക, രേഖകള്‍ കൈവശമില്ലാതിരിക്കുക, സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടുക തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പിടിയിലായത്.
പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നടപടികളുമായി കുവൈത്ത്. നടപടികള്‍ക്ക് നേതൃത്വം നല്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെയും, മാന്‍ പവര്‍ അതോറിറ്റിയുടെയും സഹകരണത്തോടെയുള്ള മന്ത്രിസഭാസമിതി പഠനം ആരംഭിച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്ക് ഇഖാമ പുതുക്കി നല്‍കേണ്ടതില്ലന്നതടക്കം 10 നിര്‍ദേശങ്ങളാണ് സമിതിക്ക് മുന്നിലുള്ളത്.
കുവൈത്തില്‍ തെരുവുകളില്‍ അനുമതിയില്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുനിസിപ്പാലിറ്റി. ജലീബ് അല്‍ ശുയൂഖിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ മുപ്പതു പേര്‍ക്കു പിഴ ചുമത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു ജലീബ് മാര്‍ക്കറ്റില്‍ പരിശോധന നടത്തിയതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
കുവൈത്തിലെ ശക്തമായ ചൂട് കണക്കിലെടുത്ത് ശുചീകരണത്തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി. കുവൈത്ത് മുനിസിപ്പാലിറ്റി ചൊവ്വാഴ്ച ഇറക്കിയ ഉത്തരവനുസരിച്ച് വേനല്‍ക്കാലത്ത് പുലര്‍ച്ച മൂന്നു മുതല്‍ ഉച്ചക്ക് 11 വരെയും തണുപ്പു കാലത്ത് പുലര്‍ച്ച നാലു മുതല്‍ ഉച്ചക്ക് 12 വരെയുമാണ് ജോലി സമയം.
വിദ്യാഭ്യാസ-ശാസ്ത്രീയ യോഗ്യതകള്‍ക്ക് അനുസരിച്ചായിരിക്കണം പ്രവാസികള്‍ ചെയ്യുന്ന ജോലികളെന്നാണ് കുവൈത്തിന്റെ നയം. എന്നാല്‍ പല തസ്തികകളിലും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പ്രവാസികള്‍ ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തി. ലേബര്‍ വിസയില്‍ രാജ്യത്ത് എത്തിയശേഷം പിന്നീട് മറ്റ് ജോലികളിലേക്ക് മാറുന്നവരുണ്ട്. ഇവര്‍ പലപ്പോഴും യോഗ്യതയ്ക്ക് അനുസൃതമല്ലാത്ത ജോലികളിലേക്കാണ് മാറുന്നത്. ഇത്തരക്കാരെ കണ്ടെത്താനാണ് വിവിധ ഏജന്‍സികളെ ബന്ധിപ്പിച്ച് സംവിധാനമുണ്ടാക്കിയത്.
കുവൈത്തില്‍ ഡെലിവറി കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഡെലിവറികമ്പനികള്ക്ക് പുതിയ ചട്ടങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തണമെന്നു ആഭ്യന്തര മന്ത്രാലയം വാണിജ്യമന്ത്രാലയത്തോടു ശിപാര്‍ശ ചെയ്തിരുന്നു.
സ്വകാര്യമേഖലയിലെ 80 തസ്തികകളില്‍ പരീക്ഷ ബാധകമായിരിക്കും. ആദ്യഘട്ടത്തില്‍ 20 തസ്തികകളിലാണ് പരീക്ഷ ബാധകമാക്കുക. ചില തസ്തികകളില്‍ എഴുത്തുപരീക്ഷയും മറ്റു ചിലതില്‍ പ്രാക്ടിക്കല്‍ പരീക്ഷയുമായിരിക്കും. മാന്‍പവര്‍ അതോറിറ്റി, വിദ്യാഭ്യാസ മന്ത്രാലയം, പബ്ലിക് ബെനഫിറ്റ് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെയാണ് പരീക്ഷ നടപ്പാക്കുക.
മേയ് അവസാനം വരെയുള്ള കണക്ക് പ്രകാരം 4919 സ്വദേശികള്‍ തൊഴിലിന് അപേക്ഷിച്ച് കാത്തിരിക്കുന്നതായി ആസൂത്രണകാര്യ മന്ത്രി മര്‍യം അഖീല്‍ പറഞ്ഞു. ഇതില്‍ 2645 പേര് പുരുഷന്മാരും 2269 പേര് സ്ത്രീകളുമാണ്. അതിനിടെ, രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ലഭിക്കുന്നതിന് സ്വദേശി ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ സ്വീകരിക്കുന്നതിന്റെ അടുത്ത ഘട്ടം വെള്ളിയാഴ്ച ആരംഭിക്കും.