
കുവൈത്ത് സിറ്റി: പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നടപടികളുമായി കുവൈത്ത്. നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെയും, മാന്‍ പവര്‍ അതോറിറ്റിയുടെയും സഹകരണത്തോടെയുള്ള മന്ത്രിസഭാസമിതി പഠനം ആരംഭിച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്ക് ഇഖാമ പുതുക്കി നല്‍കേണ്ടതില്ലന്നതടക്കം 10 നിര്‍ദേശങ്ങളാണ് സമിതിക്ക് മുന്നിലുള്ളത്.
കുവൈത്തില്‍ സ്വദേശികളുടേയും വിദേശികളുടേയും എണ്ണത്തിലെ അന്തരം കുറച്ച് കൊണ്ടുവരികയാണ് സമിതിയുടെ പ്രധാന ദൗത്യം. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളും സമര്‍പ്പിച്ച നിര്‍ദേശങ്ങളും സമിതി പരിശോധിക്കും. ഇതനുസരിച്ച് അഞ്ച് വര്‍ഷത്തേക്ക് വിസാ മാറ്റം കര്‍ശനമായി നിരോധിക്കും. ഇതിനിടയില്‍ വിസാ മാറ്റത്തിന് മുതിര്‍ന്നാല്‍ നാട്ടിലേയ്ക്ക് മടക്കി അയക്കും.
65 വയസ് കഴിഞ്ഞ വിദേശികളെ മടക്കി അയക്കുക, സര്‍ക്കാര്‍ മേഖലയിലേക്ക് ലോക്കല്‍ റിക്രൂട്ട്‌മെന്റ് നടത്തുക, വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുക, നിയമം ലംഘിക്കുന്ന തൊഴിലാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുക, ഇഖാമ ഫീസ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് സമിതിക്ക് മുന്നിലുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.