
ന്യൂഡല്‍ഹി: സ്‌കൂള്‍ ബസുകളില്‍ ജി.പി.എസും സി.സി ടി.വിയും വേഗപ്പൂട്ടുകളും ഘടിപ്പിക്കണമെന്ന് സി.ബി.എസ്.ഇ ചട്ടം പുറപ്പെടുവിച്ചു. ബസിന്റെ ജനാലകള്‍ തിരശ്ചീനമായിരിക്കണമെന്നും കമ്പിവലകളിട്ട് ഭദ്രമാക്കണമെന്നും പരമാവധി വേഗം 40 കിലോ മീറ്ററായി നിജപ്പെടുത്തി വേഗപ്പൂട്ട് ഘടിപ്പിക്കുകയും വേണം. മാത്രവുമല്ല സി.സി ടി.വി, ജി.പി.എസ് എന്നിവ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണം. കൂടാതെ ബസില്‍ മുന്നറിയിപ്പ് ബെല്ലും സൈറണും ഘടിപ്പിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ ബസപകടത്തെ തുടര്‍ന്ന് കേന്ദ്ര മാനവ വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ നിര്‍ദേശപ്രകാരമാണ് സി.ബി.എസ്.ഇ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓരോ ബസിനും അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ നല്‍കുകയും ഈ നമ്പര്‍ രക്ഷിതാക്കളെ അറിയിക്കുകയും വേണമെന്നും വിജ്ഞാപനത്തിലുണ്ട്. ഇക്കാര്യങ്ങള്‍ തെറ്റിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ എടുക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.