
മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് നയം പ്രഖ്യാപിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ക്വോട്ട 70 ശതമാനവും സ്വകാര്യപ്രൈവറ്റ് ടൂര്‍ ഓപറേറ്റര്മാരുടേത് 30 ശതമാനവുമായി നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 75:25 അനുപാതത്തിലായിരുന്നു. ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ഹജ്ജ് നയം പ്രഖ്യാപിച്ചത്. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന് അഫ്സല് അമാനുല്ലയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ചിലത് അംഗീകരിക്കുകയും മറ്റു ചിലത് മാറ്റിവെച്ചുമാണ് പുതിയ നയം.
45 വയസ്സിനു മുകളിലുള്ള നാലോ അതിലേറെയോ സ്ത്രീകളുടെ സംഘത്തിന് രക്തബന്ധമുള്ള ആണ്‍തുണ (മെഹ്റം) ഇല്ലാതെ ഹജ്ജിന് പോകാമെന്ന ശിപാര്‍ശ അംഗീകരിച്ചു. 70 കഴിഞ്ഞവര്‍ക്കുള്ള സംവരണം നിലനിര്‍ത്തിയ സര്‍ക്കാര്‍, നേരത്തേ അവസരം ലഭിക്കാതെ അഞ്ചാം തവണ അപേക്ഷിക്കുന്നവര്‍ക്കുള്ള സംവരണം ഒഴിവാക്കി. നിലവിലുള്ള 21 എമ്പാര്‍ക്കേഷന്‍ കേന്ദ്രങ്ങളും നിലനിര്‍ത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ക്ക് വിമാനടിക്കറ്റ് നിരക്കില്‍ കുറവുള്ള സമീപപ്രദേശങ്ങളിലെ എമ്പാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ വഴി തീര്‍ഥാടകരെ അയയ്ക്കാന്‍ അനുമതി നല്കി. എമ്പാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം ഒമ്പതായി കുറക്കാനായിരുന്നു സമിതി നിര്‍ദേശം.
അതേസമയം കൊച്ചി (76,372), ജയ്പുര്‍ (83,216 ), നാഗ്പുര്‍ (70,972), ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് (65,655), ചെന്നൈ (83,832), അഹ്മദാബാദ് (63,135), ലഖ്നോ (80,966) എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് മറ്റു കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനാവില്ല. അസീസിയ, ഗ്രീന്‍ കാറ്റഗറികള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
തീര്ഥാടകരുമായുള്ള ആദ്യ വിമാനം ജൂലൈ 11നാണ് പുറപ്പെടുക. ആഗസ്റ്റ് 13ന് അവസാന സംഘം പുറപ്പെടും. ആഗസ്റ്റ് 24 മുതല്‍ മടക്കയാത്ര തുടങ്ങും. അടുത്ത ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഒരുമാസം നേരത്തേയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.