
ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍. ബന്ധപ്പെട്ട വിമാന കമ്പനികള്‍ നേരിട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഇനി അനുമതി വാങ്ങേണ്ടത്. നിലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ നടത്തുന്ന സംഘടനകളും കമ്പനികളും മറ്റുമായിരുന്നു അപേക്ഷ നല്‍കേണ്ടിയിരുന്നത്. ബന്ധപ്പെട്ട എയര്‍ ട്രാന്‍സ്‌പോര്‍ട് ഓപ്പറേറ്റര്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കേന്ദ്രസര്‍ക്കാരുമായും അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ അധികൃതരുമായും വിമാന കമ്പനി തന്നെ ബന്ധപ്പെടണം.
ചാര്‍േട്ടഡ് വിമാനം ഒരുക്കുന്ന സംഘടനകളും സ്ഥാപനങ്ങളും ഇതുവരെ വിവിധ അംഗീകാരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയാണ് ഇടപെട്ടിരുന്നത്. ഇനി ഇതെല്ലാം എ.ടി.ഒ നേരിട്ട് വേണം ചെയ്യാന്‍. അതേസമയം, അതത് രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് പ്രയാസമുണ്ടായാല്‍ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി സന്നദ്ധമായിരിക്കും. അപേക്ഷ നല്‍കുന്നതിനൊപ്പം യാത്രക്കാരുടെ വിശദാംശങ്ങളും കൈമാറണം.
സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതിയും എംബസിയുടെ അനുമതിയും വാങ്ങിയിരിക്കണമെന്നാണ് പുതിയ ചട്ടം. വിമാനം പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാരുടെ അന്തിമ പട്ടിക എംബസി, കോണ്‍സുലേറ്റ്, ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്ക് നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.