Currency

ചെക്ക് ബൗൺസ് ആയാൽ എന്ത് ചെയ്യണം? എന്തൊക്കെ ചെയ്യരുത്?

Tuesday, August 30, 2016 1:51 pm

നിശ്ചിത സമയത്ത് ചെക്ക് പണമായി മാറാത്ത സാഹചര്യത്തിലാണു ചെക്ക് ബൗൺസ് ആകുക. ഇതാകട്ടെ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. ചെക്ക് ബൗൺസ് ആകാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും ബൗൺസ് ആയാൽ എന്ത് ചെയ്യണമെന്നും നോക്കാം...

നിശ്ചിത സമയത്ത് ചെക്ക് പണമായി മാറാത്ത സാഹചര്യത്തിലാണു ചെക്ക് ബൗൺസ് ആകുക. ഇതാകട്ടെ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പ്രധാനമായും ചെക്ക് തന്ന പാര്‍ട്ടിയുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് മടങ്ങാം. ഒപ്പിലെ വ്യത്യസ്തത, കാലവധി കഴിഞ്ഞ ചെക്കുകള്‍ , തീയതി കഴിഞ്ഞ ചെക്കുകള്‍, ചെക്കിലെ തിരുത്തലുകള്‍ തുടങ്ങിയവാണ് ചെക്ക് മടങ്ങാനുള്ള മറ്റു കാരണങ്ങള്‍ .

എന്താണ് ചെക്ക്?

ബാങ്കിൽ അംഗത്വമുള്ള ഒരു വ്യക്തി, ആവശ്യപ്പെടുമ്പോൾ പണം നൽകാനായി ബാങ്കിനോട്‌ ആവശ്യപ്പെടുന്ന ഒരു വിനിമയശീട്ടാണ്‌ ചെക്ക്‌. ഇത്‌ എഴുതിക്കൊടുക്കുന്ന ഒരു പ്രമാണമാണ്‌. ഇതിൽ പണം നൽകുന്നതിനുള്ള ആജ്ഞയും ഏതു നാണയത്തിലാണ് പണം നൽകേണ്ടത് എന്നും വ്യക്തമാക്കിയിരിക്കും. ആജ്ഞ പുറപ്പെടുവിക്കുന്നത്‌ ബാങ്കിൽ ഇടപാടുള്ള (അക്കൗണ്ടുള്ള)വ്യക്തിയായിരിക്കും. അയാൾ ചെക്കിൽ ഒപ്പിടുന്നു. ചെക്ക്‌ നൽകുമ്പോൾ ഇനി വരാനിരിക്കുന്ന തിയതിയിട്ട്‌ നല്‌കപ്പെടാം. ചെക്കിൽ എഴുതിയിരിക്കുന്ന തിയതിക്ക്‌ മുമ്പ്‌ പണം ആവശ്യപ്പെട്ടാൽ ലഭിക്കുകയില്ല.

ഇന്ത്യയിൽ ചെക്ക് ബൗൺസ് ആകാനുള്ള കാരണങ്ങൾ

  • അക്കൗണ്ടുകാരന്റെ ഒപ്പിൽ സംശയം ഉണ്ടായിരിക്കുക.
  • ചെക്കിൽ സംശയം തോന്നിപ്പിക്കുന്നതരത്തിൽ വെട്ടിതിരുത്തലുകൾ ഉണ്ടായിരിക്കുക.
  • ചെക്കിന്റെ കാലവധി അവസാനിക്കുക (സാധാരണ ഗതിയിൽ നടപടിക്രമമനുസരിച്ച്‌ ചെക്കിന്റെ കാലാവധി 3 മാസമാണ്‌)
  • അകൗണ്ടുകാരൻ തന്റെ ബാങ്ക് അകൗണ്ട് നിർത്തലാക്കുന്നതിനാൽ.
  • അക്കൗണ്ടിൽ ആവശ്യത്തിനു പണമില്ലാതെ വരിക.
  • നിയമപ്രകാരമുള്ള തിയതി അല്ലാതെ വരിക.
  • ഏതെങ്കിലും കമ്പനിയുടെ പേരിലുള്ള ചെക്കെങ്കിൽ അവയിൽ പ്രസ്തുത കമ്പനിയുടെ സീൽ ഇല്ലാതെ വരിക.
  • അകൗണ്ട് നമ്പർ കൃത്യമായി രേഖപ്പെടുത്താതിരിക്കുക
  • ജോയിന്റ് അകൗണ്ട് എങ്കിൽ ഉടമസ്ഥരായവരുടെയെല്ലാം ഒപ്പ് ഇല്ലാതെ വരിക
  • അക്കൗണ്ടുള്ള വ്യക്തി മരിച്ചുപോയതായി ബാങ്കിൽ അറിവ്‌ ലഭിക്കുക.
  • ചെക്ക്‌ കൈവശക്കാരൻ യഥാർത്ഥ അവകാശിയാണോ എന്ന് സംശയം ജനിക്കുക.
  • ചെക്ക്‌ എഴുതിയ വ്യക്തി പണം കൊടുക്കരുതെന്ന് ബാങ്കിനെ അറിയിക്കുക.
  • ചെക്കിന്‌ നാശം സംഭവിക്കുക.
  • ചെക്ക് ക്രോസ്സിങ്ങ് ചെയ്ത ചെക്കുകൾ
  • യതാത്ഥ ബ്രാഞ്ചിൽ അല്ലാതിരിക്കുക
  • ഓവർഡ്രാഫ്റ്റ്
  • പണം കൊടുക്കുന്നത്‌ കോടതി തടയുക, അക്കൗണ്ട്‌ മരവിപ്പിക്കുക.

ഒരു വ്യക്തി മറ്റൊരാൾക്ക്‌ നൽകിയ ചെക്ക്‌ മടങ്ങുമ്പോൾ ചെക്ക്‌ എഴുതിയ വ്യക്തിയെ കോടതി കുറ്റക്കാരനായി കാണുന്നു ഇപ്രകാരം കുറ്റം ചെയ്യുന്ന വ്യക്തിക്ക്‌ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള ശിക്ഷകൾ നടപ്പാക്കുന്നു. ഇന്ത്യയിൽ ഒരു വർഷം വരെ തടവോ എഴുതിയ ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയുടെ ഇരട്ടി പിഴയോ ഇവ രണ്ടും കുടിയോ ശിക്ഷ വിധിക്കപ്പെടാവുന്നതാണ്‌.

ചെക്ക് ബൗൺസ് ആയാൽ എന്ത് ചെയ്യണം?

1. ഡിമാന്റ് നോട്ടീസ്

ചെക്ക് മാറുന്നതിനു മുന്‍പായി, സംശയമുള്ളപക്ഷം അക്കൗണ്ടില്‍ ആവശ്യത്തിനു തുകയുണ്ടോ എന്ന് പാര്‍ട്ടിയോടു ചോദിക്കുന്നത് നല്ലതാണ്. പരസ്പര ധാരണയുള്ളവരുടെ കാര്യത്തില്‍ ഇത് സാധിക്കുമല്ലോ. എല്ലാത്തവണയും ഇങ്ങനെ ചോദിക്കേണ്ടി വരുന്നത് പ്രായോഗികവുമല്ല. അത്തരം സാഹചര്യങ്ങളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 പ്രകാരം നിയമ നടപടി സ്വീകരിക്കുക മാത്രമാണ് പരിഹാര മാര്‍ഗം. ഇതിനായി മുപ്പത് ദിവസത്തിനുള്ളിൽ ഡിമാന്റ് നോട്ടീസ് അയക്കേണ്ടതാണു. ഇതു പ്രകാരം പതിനഞ്ച് ദിവസത്തെ കാലാവധി ബൗൺസ് ആയ തുകയ്ക്ക് ലഭിക്കും.

2. പരാതി ഡ്രാഫ്റ്റ് ചെയ്യുക

ഡിമാന്റ് നോട്ടീസ് നൽകി പതിനഞ്ച് ദിവസം കഴിഞ്ഞും ബൗൺസിൽ രേഖപ്പെടുത്തിയിരിക്കുന്ന തുക നൽകിയില്ലായെങ്കിൽ അടുത്ത മുപ്പത് ദിവസത്തിനുള്ളിൽ മജിസ്ട്രേറ്റിനു മുമ്പാകെ പരാതി സമർപ്പിക്കേണ്ടതാണ്. ചെക്ക് എഴുതിയ സ്ഥലത്തെയോ, സമർപ്പിച്ച ബാങ്കുള്ള സ്ഥലത്തേയോ, ഡിമാന്റ് നോട്ടീസ് അയച്ച പ്രദേശത്തേയോ മജിസ്ട്രേറ്റിനു മുമ്പാകെയാണു പരാതി നൽകേണ്ടത്. പരാതിക്കൊപ്പം സത്യവാഗ്മൂലവും ചെക്കിന്റെയും പരാതിയ്ക്ക് ആധാരമായ മറ്റു രേഖകളുടെയും പകർപ്പുകളും സമർപ്പിക്കേണ്ടതാണ്.

3. കോടതി നടപടികൾ

അമ്പതിനായിരം രൂപ വരെയുള്ള തുകയ്ക്ക് ഇരുന്നൂറു രൂപയും അമ്പതിനായിരം മുതൽ രണ്ട് ലക്ഷം വരെ അഞ്ഞൂറ് രൂപയും രണ്ട് ലക്ഷത്തിനു മുകളിൽ ആയിരം രൂപയും കോടതി ഫീ ഇനത്തിൽ ഈടാക്കുന്നതാണ്. വക്കീലിന്റെ മെമോയും ഈ അവസരത്തിൽ ആവശ്യമാണ്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണു കേസ് പരിഗണിക്കുക. പരാതിക്കാരൻ കൈമാറിയ രേഖകളെല്ലം അവയുടെ ഒറിജിനലുമായി ഒത്തുനോക്കി ഉറപ്പ് വരുത്തുന്നതുമാണ്. കുറ്റം ചുമത്തപ്പെട്ട വ്യക്തി കോടതി വിളിക്കുന്ന വേളയിൽ ഹാജരാകാത്ത പക്ഷം കോടതിയ്ക്ക് വാറന്റ് പുറപ്പെടുവിക്കാവുന്നതും അടുത്ത തവണയും ഹാജരാകുന്നില്ല എങ്കിൽ പരാതിക്കാരന്റെ ആവശ്യപ്രകാരം അറസ്റ്റ് വാറന്റും പുറപ്പെടുവിക്കുന്നതാണ്.

മുപ്പത് ദിവസത്തിനു ശേഷം റെജിസ്റ്റർ ചെയ്യുന്ന പരാതികളിൽ പ്രത്യേക സാഹചര്യങ്ങളിൽ കോടതി സ്വീകരിക്കുന്നതാണ്. കേസ് ഹിയറിങ് കഴിയുമ്പോള്‍ ക്രമക്കേട് കാണിച്ച വ്യക്തിക്ക് രണ്ട് വര്‍ഷത്തെ ജയില്‍വാസമോ ചെക്ക് തുകയുടെ രണ്ട് മടങ്ങ് പിഴയോ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കാം. അതേസമയം ഡൊണേഷനായോ സമ്മാനമായോ നല്‍കിയ ചെക്കാണ് ബൗണ്‍സ് ആയതെങ്കില്‍ അത് കൈവശമുള്ളയാള്‍ക്ക് ആ ചെക്ക് നല്‍കിയ ആള്‍ക്കെതിരെ നിയമനടപടി സാധ്യമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x