
തിരുവനന്തപുരം: കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാകും ലോക്ക് ഡൗണ്‍. എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതിഗതികള്‍ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ സംസ്ഥാനത്തെ മാറ്റങ്ങള്‍ ഇങ്ങനെ:
സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും
പൊതുഗതാഗതം ഉണ്ടാകില്ല
സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും
എല്‍പിജി, പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കും
ആരാധനാലയങ്ങളുടെ എല്ലാ ചടങ്ങുകളും നിര്‍ത്തിവയ്ക്കും
റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല
ഹോം ഡെലിവറി അനുവദിക്കും.
ആളുകള്‍ വലിയ രീതിയല്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാല്‍ ശാരീരിക അകലം പാലിക്കുക പോലുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്, കനത്ത പിഴ; കര്‍ശന നടപടിയിലേക്ക് സര്‍ക്കാര്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സൗഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവര്‍ കനത്ത പിഴയൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിര്‍ത്തികള്‍ ഇതിനോടകം അടച്ചു. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതായിരിക്കും. അതേസമയം, സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. കൊവിഡ് സ്ഥിരീകരിച്ച 19 പേരും കാസര്‍ഗോഡ് സ്വദേശികളാണ്. അഞ്ച് പേര്‍ കണ്ണൂര്‍ സ്വദേശികളും രണ്ട് പേര്‍ എറണാകുളം ജില്ലക്കാരുമാണ്. തൃശൂര്‍ പത്തനംതിട്ട സ്വദേശികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 25 പേരും ദുബായില്‍ നിന്ന് എത്തിയവരാണ്.
കൊവിഡ് സംശയത്തില്‍ 64320 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 63937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 122 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അനിയന്ത്രിതമായ സാഹചര്യത്തിലേക്ക് സംസ്ഥാനം കടന്നതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.