note ban
ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളിലൂടെയും പോസ്റ്റ്ഓഫീസിലൂടെയും മാറ്റിനല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരോധിത നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം ഡിസംബര്‍ 30ല്‍ നിന്ന് വെട്ടിക്കുറച്ചേക്കുമെന്ന് സീ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
കള്ളപ്പണം വിവിധ വഴികളിലൂടെ മാറ്റിയെടുക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നോട്ട് മാറ്റിയെടുക്കല്‍ മുഴുവനായി നിരോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് ഈ മാസം 24ന് കേന്ദ്രം ഉത്തരവ് പുറത്തിറക്കുമെന്നും സൂചനയുണ്ട്. അതേസമയം, പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതിയുണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ആ പണം എടിഎമ്മുകളിലൂടെയും ചെക്കു വഴിയും പിന്‍വലിക്കാന്‍ സാധിക്കും.
500, 1000 രൂപ നോട്ടുകള്‍ മാറ്റിക്കൊടുക്കാവുന്നതിന്റെ പരിധി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വെട്ടിക്കുറച്ചിരുന്നു. തുടക്കത്തില്‍ 4000 രൂപയായിരുന്നത് പിന്നീട് 4500 രൂപയാക്കിയെങ്കിലും കഴിഞ്ഞദിവസം ഇത് 2000ലേക്കാണ് വെട്ടിക്കുറച്ചത്. അതേസമയം, വിവാഹ ആവശ്യങ്ങള്‍ക്ക് ഒരു അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം പിന്‍വലിക്കാമെന്നും കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25000 രൂപ വരെ പിന്‍വലിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു. രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ക്ക് 50000 രൂപ വരെ പിന്‍വലിക്കാമെന്നും കേന്ദ്രം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.