
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഓണ്‍ലൈന്‍ പെണ്‍വാണിഭവും സാമ്പത്തിക തട്ടിപ്പും ഓരോ വര്‍ഷവും വര്‍ധിച്ച് വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ സോഷ്യല്‍ മീഡിയയിലൂടെ ചതിക്കുഴിയില്‍ പെട്ടെന്ന് വീഴുകയാണെന്ന അപകടകരമായ വിവരമാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഫേസ് ബുക്ക്, വാട്ട്സാപ്പ്, മൊബൈല്‍ ഫോണ്‍ വഴി ലൈംഗിക അതിക്രമത്തില്പെട്ടവരില് കൂടുതലും 25 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്.
സാമൂഹ്യമാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2012ല്‍ 59 പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയായപ്പോള്‍ 2013 ആയപ്പോഴേക്കും 80 ആയി ഉയര്‍ന്നു. 2014ല്‍ 76ഉം, 15ല്‍ 67ഉം, 2016ല്‍ 189 മാണ് ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികളുടെ എണ്ണം. ഇതില്‍ പകുതിയിലേറെ പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും എട്ട് പേരെ മാത്രമാണ് ശിക്ഷിച്ചത്. ഓണ്‍ലൈന്‍ വഴിയുള്ള പെണ്‍വാണിഭ സംഘങ്ങള്‍ കേരളത്തില്‍ ചുവടുറപ്പിച്ച് പ്രവര്‍ത്തനം നടത്തുന്നതായും വ്യക്തമായിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം 36 കോടി ഡോളര്‍ സംസ്ഥാനത്ത് നിന്ന് തട്ടി. 48 പ്രതികളെ പിടിച്ചു. പക്ഷെ 136 പ്രതികള്‍ പോലീസില്‍ പിടിനല്‍കാതെ സ്വതന്ത്രരായി പുറത്താണ് ഇപ്പോഴും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.