Currency

പണം പിന്‍വലിക്കല്‍; ഡിസംബര്‍ 30 ന് ശേഷവും നിയന്ത്രണം തുടര്‍ന്നേക്കും

സ്വന്തം ലേഖകന്‍Monday, December 26, 2016 11:06 am

ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളിലും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 30ന് ശേഷവും തുടര്‍ന്നേക്കുമെന്ന് സൂചനകള്‍. പ്രസുകള്‍ക്കും റിസര്‍വ് ബാങ്കിനും പ്രതിസന്ധി മറികടക്കാന്‍ വേണ്ടത്ര നോട്ടുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.

നിലവിലെ പിന്‍വലിക്കല്‍ പരിധിയായ 24,000 രൂപ പല ബാങ്കുകള്‍ക്കും നല്‍കാനാകാത്ത സാഹചര്യത്തിലാണ് ജനുവരി മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള സാധ്യത ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ബാങ്കുകളില്‍ നിന്ന് പ്രതിവാരം 24,000 രൂപയും എടിഎമ്മുകളില്‍ നിന്ന് പ്രതിദിനം 2,500 രൂപയുമാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ കഴിയുന്നത്. പിന്‍വലിക്കല്‍ പരിധി പൂര്‍ണമായും എടുത്തുകളയുമെന്ന് കരുതുന്നില്ല. കറന്‍സി ലഭ്യത വര്‍ധിക്കുന്നതനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകാം.

നോട്ട് നിരോധനത്തെത്തുടര്‍ന്ന് രാജ്യത്തുണ്ടായ ബുദ്ധിമുട്ടുകള്‍ അമ്പത് ദിവസങ്ങള്‍ക്ക് ശേഷം പരിഹരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നു. ബാങ്കുകള്‍ക്ക് ആവശ്യമായ കറന്‍സികള്‍ ലഭ്യമാക്കാത്ത പക്ഷം പിന്‍വലിക്കല്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയും വ്യക്തമാക്കിയിരുന്നു. അതേസമയം പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x