വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ അറിയിച്ചു. നോട്ട് പിന്‍വലിക്കല്‍ പ്രശ്‌നത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതിന്റെ ഭാഗമായി പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇടതു പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ളതും ഭരണമുള്ളതുമായ സംസ്ഥാനങ്ങളില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടില്ല. ബന്ദില്‍ പങ്കെടുക്കില്ലെന്നും പ്രകടനങ്ങള്‍ സംഘടിപ്പിച്ച് പ്രതിഷേധ ദിനാചരണത്തില്‍ പങ്കാളികളാവുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പാര്‍ലമെന്റിനകത്ത് പ്രതിപക്ഷത്തിനൊപ്പം പ്രക്ഷോഭ രംഗത്തുള്ള ജെ.ഡി.യു പ്രതിഷേധ ദിനാചരണത്തില്‍ പങ്കെടുക്കുന്നില്ല. നോട്ട് പിന്‍വലിക്കലിനെ എതിര്‍ക്കുന്നില്ലെന്നും ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടില്‍ മാത്രമാണ് പ്രതിഷേധമുള്ളതെന്നും ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ പറഞ്ഞു.
ജനങ്ങള്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന്റെ കൂടെയാണെന്നും പ്രതിപക്ഷ സമരം പരാജയപ്പെടുമെന്നും ബി.ജെ.പി പ്രതികരിച്ചു. പരാജയഭീതി മൂലമാണ് പ്രതിഷേധ ദിനാചരണത്തെ ഭാരത് ബന്ദെന്നു വിശേഷിപ്പിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ തയ്യാറാവാത്തതെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.