
മുംബൈ: നിയോ എഞ്ചിന് ഉപയോഗിക്കുന്ന വിമാനങ്ങള്‍ സര്‍വീസ് നടത്തരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്റെ (ഡി.ജി.സി.എ) ഉത്തരവിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. പറക്കുന്നതിനിടെ എഞ്ചിന് തകരാറിലാകുന്ന സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ ഉത്തരവ്. 47 ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഇന്‍ഡിഗോ എയര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍കത്ത, ഹൈദരാബാദ്, ബംഗളൂരു, പട്ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ഗൂവാഹതി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇന്‍ഡിഗോ നിര്‍ത്തിവെച്ചത്. ഗോ എയറും ചില ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര് ദുരിതത്തിലായി.
ഡി.ജി.സി.എയുടെ തീരുമാനം ആകെ 90 ഓളം വിമാന സര്‍വീസുകളെ ബാധിക്കുമെന്നാണ് കരുതുന്നത്. ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള വിവിധ സര്‍വീസുകളാണ്. പലതും കണക്ഷന് ഫ്ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി. എഞ്ചിന് തകരാറിനെത്തുടര്‍ന്ന് എ320 നിയോ വിഭാഗത്തില്‍പ്പെട്ട ഒരു വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലിറക്കിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഡിജിസിഎയുടെ തീരുമാനം. പ്രാറ്റ്, വിറ്റ്നി സീരീസുകളില്‍പ്പെട്ട എഞ്ചിനുകളുള്ള വിമാനങ്ങളാണ് താഴെയിറക്കിയത്.
ഇ.എസ്.എന്‍. 450 സീരിയല്‍ നമ്പരിലുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വിമാനങ്ങളാണ് താഴെയിറക്കിയത്. അത്തരത്തിലുള്ള വിമാനങ്ങള്‍ക്ക് ഫെബ്രുവരി 9ന് തന്നെ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇ.എ.എസ്.എ.) ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. എഞ്ചിന് തകരാറുകള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നായിരുന്നു അത്. അത്തരം എഞ്ചിനുകളുള്ള വിമാനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഫെബ്രുവരി 13ന് ഡി.ജി.സി.എ. വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.