
ബംഗളൂരു: നഗരത്തില്‍ അടുത്തവര്‍ഷം തുടക്കത്തില്‍ത്തന്നെ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുമെന്ന് ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) അറിയിച്ചു. ഇതിനായി ബസുകള്‍ പാട്ടത്തിനെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
ആദ്യഘട്ടത്തില്‍ 150 ബസുകളാണ് പുറത്തിറക്കുന്നത്. ബസ് നിര്‍മാണക്കമ്പനികളില്‍ നിന്ന് പാട്ടത്തിനെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.എം.ടി.സി. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇലക്ട്രിക് ബസുകള്‍ക്കുള്ള ഫണ്ട് ആവശ്യപ്പെട്ട് ബി.എം.ടി.സി. കേന്ദ്ര വ്യവസായവകുപ്പിന് കത്തയച്ചിരുന്നു. ഓരോ ബസിനും 85 ലക്ഷം രൂപ കേന്ദ്രത്തില്‍നിന്ന് ലഭിക്കുമെങ്കിലും ബാക്കി തുക കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നതിലൂടെ നഗരത്തില്‍ മലിനീകരണം കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ ഏഴായിരത്തോളം ബി.എം.ടി.സി. ബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. എല്ലാ ബസുകളും ഇലക്ട്രിക് ആക്കിയാല്‍ ഓരോദിവസവും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്സൈഡില്‍ 30 ശതമാനം കുറവുണ്ടാകുമെന്ന് ബി.എം.ടി.സി.യിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം 2014-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.