Currency

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ ആകുന്നു

സ്വന്തം ലേഖകന്‍Monday, April 3, 2017 11:55 am

ഇത്തവണത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലം പ്രഖ്യാപിക്കുംമുമ്പേ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വെബ്‌സൈറ്റിന്റെ ട്രയല്‍ റണ്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്. മേയില്‍ വെബ്‌സൈറ്റ് എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനായി ലഭ്യമാകും.

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിആക്കുന്നു. ഇത്തവണത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലം പ്രഖ്യാപിക്കുംമുമ്പേ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വെബ്‌സൈറ്റിന്റെ ട്രയല്‍ റണ്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്. മേയില്‍ വെബ്‌സൈറ്റ് എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനായി ലഭ്യമാകും. ഇനിമുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത ചേര്‍ത്തശേഷം സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി എംപ്ലോയ്‌മെന്റ് ഓഫിസുകളില്‍ എത്തിയാല്‍ മതിയാകും. ഓരോ വര്‍ഷവും പത്താം ക്ലാസ്, പ്ലസ് ടു ഫലപ്രഖ്യാപനം കഴിയുമ്പോള്‍ അമ്പതിനായിരത്തോളം രജിസ്‌ട്രേഷനുകള്‍ നടക്കുന്നുണ്ട്. അതേസമയം ഇതുവരെ സംസ്ഥാനത്തെ 84 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലായി 40 ലക്ഷത്തോളം രജിസ്‌ട്രേഷനുകളാണ് നടന്നിട്ടുള്ളത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്ററുകളാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ ജോലി ലഭിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവ് ഉദ്യോഗാര്‍ഥികളെ പുതുക്കുന്നതില്‍ നിന്ന് പിന്തരിപ്പിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത 40 ശതമാനത്തോളം പേര്‍ ഇത് പുതുക്കുന്നില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. പി.എസ്.സിയുടെ നിയമന പരിധിക്കപ്പുറത്തെ നിയമനങ്ങളെല്ലാം എപ്ലോയ്‌മെന്റില്‍ നിന്നാകണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

25 തൊഴിലാളികളില്‍ കൂടുതല്‍ പേര്‍ ജോലിചെയ്യുന്ന തൊഴില്‍ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യണം. സ്വകാര്യ മേഖലയിലെ ഒഴിവുകള്‍കൂടി എംപ്ലോയ്‌മെന്റുകള്‍ വഴിയാക്കാനാണ് സര്‍ക്കാര്‍ ആലോചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x