Currency

ഗോവ രാജ്യാന്തര ചലച്ചിത്രമേള: സുവര്‍ണ മയൂരം ‘ഡോട്ടറി’ന്

സ്വന്തം ലേഖകന്‍Tuesday, November 29, 2016 1:23 pm

മത്സര വിഭാഗത്തിലുണ്ടായിരുന്ന 15 ചിത്രങ്ങളില്‍ നിന്ന് സംവിധായകന്‍ ഇവാന്‍ പാസറുടെ നേതൃത്വത്തിലുള്ള ജൂറിയാണ് മികച്ച ചിത്രം തിരഞ്ഞെടുത്തത്.

പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌ഐ) മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും ഇറാനിയന്‍ സംവിധായകന്‍ റീസ മിര്‍ഖാരിമിയുടെ ‘ഡോട്ടര്‍’ നേടി. മത്സര വിഭാഗത്തിലുണ്ടായിരുന്ന 15 ചിത്രങ്ങളില്‍ നിന്ന് സംവിധായകന്‍ ഇവാന്‍ പാസറുടെ നേതൃത്വത്തിലുള്ള ജൂറിയാണ് മികച്ച ചിത്രം തിരഞ്ഞെടുത്തത്. സോണര്‍ കേനറും ബാറിസ് ഖയയുമാണ് മികച്ച സംവിധായകര്‍ (ദ് റൗഫ്). രജത മയൂരവും 15 ലക്ഷം രൂപയുമാണ് പുരസ്‌കാരം. മികച്ച നടനും നടിക്കുമുള്ള രജതമയൂരം യഥാക്രമം ഫര്‍ഹാദ് അസ് ലാനിയും (ഡോട്ടര്‍) എലിന വാസ്‌കയും (മെലോ മഡ്) നേടി. ഇരുവര്‍ക്കും 10 ലക്ഷം രൂപ വീതം സമ്മാനത്തുകയും ലഭിക്കും.

മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലീ ജൂനിന്റെ ഐക്കിന്റെ ദ് ത്രോണ്‍ നേടി. രജതമയൂരവും 15 ലക്ഷം രൂപയുമാണ് സമ്മാനം. മികച്ച നവാഗത സംവിധായകന് ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ ശതാബ്ദി പുരസ്‌കാരം റാറയുടെ സംവിധായകന്‍ പെപ സാന്‍ മാര്‍ട്ടിന്‍ നേടി. ഏഴു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിച്ചത്. രജതമയൂരവും 10 ലക്ഷം രൂപയുമാണ് പുരസ്‌കാരം. ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഫിലിംസ്, ടെലിവിഷന്‍ ആന്‍ഡ് ഓഡിയോ വിഷ്വല്‍ കമ്യൂണിക്കേഷനും യുനെസ്‌കോയും സംയുക്തമായി ഇത്തവണ ഏര്‍പ്പെടുത്തിയ ഗാന്ധി മെഡലിന് മുസ്തഫ ഖരയുടെ കോള്‍ഡ് ഓഫ് കലന്തര്‍ എന്ന ചിത്രം അര്‍ഹമായി. ഇതേ വിഭാഗത്തില്‍ ടിഫാനി സ്യൂങ് സംവിധാനം ചെയ്ത ദി അപോളജി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. കഴിഞ്ഞ 19ന് ആരംഭിച്ച ചലച്ചിത്ര മേളയില്‍ എണ്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x