Currency

നോട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരെന്ന് ആര്‍ബിഐ

സ്വന്തം ലേഖകന്‍Tuesday, January 10, 2017 12:20 pm

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പരിഗണിക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമിതിയ്ക്ക് മുന്നില്‍ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നെന്ന് റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് നോട്ട് അസാധുവാക്കിയത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.

ഭീകരരുടെ സാമ്പത്തിക സ്രോതസുകള്‍ തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനും നോട്ടുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് നവംബര്‍ ഏഴിനാണ് സര്‍ക്കാര്‍ ഉപദേശം ചോദിച്ചതെന്ന് രേഖകളില്‍ പറയുന്നു. പിറ്റേന്ന് ഇതിനു അനുമതി നല്‍കുകയായിരുന്നെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ 22ന് വീരപ്പ മൊയ്‌ലി അധ്യക്ഷനായ സമിതിക്കു മുമ്പാകെയാണ് റിസര്‍വ് ബാങ്ക് രേഖകള്‍ സമര്‍പ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x