ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച് മൊബൈല്‍ ആപ്പ് ഇല്ലാത്തവര്‍ക്ക് പോലും പണം അയയ്ക്കാന്‍ കഴിയുന്ന തരത്തിലേക്കാണ് ആപ്പിന്റെ പുതിയ പതിപ്പ് സജ്ജീകരിക്കപ്പെടാനൊരുങ്ങുന്നതെന്ന് യൂനീക് ഐഡറ്റിഫിക്കേഷന്‍ അതോറിട്ടി അറിയിച്ചു.
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പില്‍ പുതിയ നിര്‍ണ്ണായക മാറ്റം വരുന്നു. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച് മൊബൈല്‍ ആപ്പ് ഇല്ലാത്തവര്‍ക്ക് പോലും പണം അയയ്ക്കാന്‍ കഴിയുന്ന തരത്തിലേക്കാണ് ആപ്പിന്റെ പുതിയ പതിപ്പ് സജ്ജീകരിക്കപ്പെടാനൊരുങ്ങുന്നതെന്ന് യൂനീക് ഐഡറ്റിഫിക്കേഷന്‍ അതോറിട്ടി അറിയിച്ചു. വിരലടയാളം പോലുള്ള എന്തെങ്കിലും ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമോ രജിസ്‌ട്രേഷനോ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
12 അക്ക ആധാര്‍ നമ്പര്‍ ഏതെങ്കിലും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ മൂന്നിലൊന്ന് പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ട ആധാര്‍ നമ്പറുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍ പറയുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷനുമായി ചേര്‍ന്ന് ഭീം ആപ്പില്‍ ആധാര്‍ പണവിനിമയ സംവിധാനം വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സജ്ജീകരിക്കാനാണ് പദ്ധതി.
ബാങ്കുകള്‍ ഉള്‍പ്പെടയുള്ളവ നല്‍കുന്ന വാലറ്റ് സംവിധാനത്തിനും പണം സ്വീകരിക്കുന്നയാളിനും അയയ്ക്കുന്ന ആളിനും ആപ്പ് നിര്‍ബന്ധമാണ്. ആധാര്‍ നമ്പര്‍ അടിസ്ഥാനപ്പെടുത്തി പണമിടപാട് നടക്കുമ്പോള്‍ പണം സ്വീകരിക്കുന്ന ആള്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ല. ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നേരിട്ട് നിക്ഷേപിക്കപ്പെടുന്നത്. പണം മറ്റൊരാള്‍ക്ക് കൈമാറാനും ബാങ്ക് അക്കൗണ്ടിലെ പണം വാലറ്റിലേക്ക് മാറ്റേണ്ടതുമില്ല.
38 കോടിയോളം ആധാര്‍ നമ്പറുകള്‍ നിലവില്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഭീം ആപ്പില്‍ ലഭ്യമായിട്ടുള്ള അഞ്ച് പേയ്‌മെന്റ് ഓപ്ഷനുകള്‍ക്ക് പുറമേ ആറാമത്തെ ഓപ്ഷനായി ആധാറിലേക്ക് പണം അയയ്ക്കല്‍ കൂടി ഉള്‍പ്പെടും. സാധാരണക്കാര്‍ക്ക് വരെ പണം കൈമാറാന്‍ ഇതോടെ ഭീം ആപ് ഉപയോഗിക്കപ്പെടുമെന്ന പ്രതീക്ഷയാണ് സര്‍ക്കാറിനുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.