Currency

ഹജ്ജ്: 1000ത്തിലേറെ പ്രവാസികള്‍ യാത്ര റദ്ദാക്കി

സ്വന്തം ലേഖകന്‍Sunday, July 1, 2018 12:11 pm

കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കര്‍ക്കശമായ നിലപാട് കാരണം ആയിരത്തിലേറെ പ്രവാസികള്‍ക്ക് ഹജ്ജ് യാത്ര റദ്ദാക്കേണ്ടിവന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നറുക്കെടുപ്പില്‍ അവസരം ലഭിച്ച പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ ന്യായമായ സമയം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കേണ്ടി വന്നത്. എന്നാല്‍, ഇവര്‍ക്ക് പകരം വെയ്റ്റിങ് ലിസ്റ്റില്‍നിന്ന് തെരഞ്ഞെടുത്തവര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പിക്കാന്‍ സമയം അനുവദിക്കുകയും ചെയ്തു.

ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്ന പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ടും രേഖകളും സമര്‍പിക്കാന്‍ മുന്‍വര്‍ഷങ്ങളിലൊക്കെ ന്യായമായ സമയം അനുവദിച്ചിരുന്നു. അതിനാല്‍, നാട്ടില്‍ വന്ന് കുടുംബാംഗങ്ങളെകൂട്ടി തീര്‍ഥാടനത്തിനുപോയി തിരിച്ചെത്താനും വീണ്ടും ജോലിസ്ഥലത്തേക്ക് പോകാനും പ്രയാസമുണ്ടായിരുന്നില്ല. കഴിഞ്ഞവര്‍ഷം പാസ്‌പോര്‍ട്ട് സമര്‍പിക്കാന്‍ ജൂലൈ 10വരെ സമയം നല്‍കി. ഇത്തവണ ഏപ്രില്‍ 30 വരെ മാത്രമാണ് അനുവദിച്ചത്. ഏപ്രില്‍ 30നകം പാസ്‌പോര്‍ട്ട് നല്‍കാന്‍ സാധിക്കാത്തവരോട് ഹജ്ജ് അപേക്ഷ റദ്ദാക്കാനായിരുന്നു അധികൃതരുടെ നിര്‍ദേശം. റദ്ദാക്കാന്‍ വൈകിയാല്‍ പിഴ അടക്കേണ്ടിവരുമെന്നായതോടെ പ്രവാസികള്‍ ഓരോരുത്തരായി യാത്ര വേണ്ടെന്നുവെക്കുകയായിരുന്നു.

ഈ വര്‍ഷം ആഗസ്റ്റ് 22നാകും ഹജ്ജ് കര്‍മം നടക്കുക. നാട്ടില്‍ തിരിച്ചെത്താന്‍ സെപ്റ്റംബര്‍ അവസാനവാരമാകും. ഏപ്രിലില്‍ നാട്ടിലെത്തി പാസ്‌പോര്‍ട്ട് സമര്‍പിക്കുന്നവര്‍ക്ക് ഇത്രയുംകാലം നാട്ടില്‍ തങ്ങുക അസാധ്യമാണ്. മാത്രമല്ല, ഏത് വിസയിലും ആറുമാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങാന്‍ സാധിക്കില്ല. ഒന്നുകില്‍ ജോലി കളഞ്ഞ് ഹജ്ജിന് പോകണം; അല്ലെങ്കില്‍ ഹജ്ജ് യാത്ര ഉപേക്ഷിക്കണം. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം പേരും ഉപജീവനത്തിന് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഹജ്ജ് സ്വപ്നം ഉപേക്ഷിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x