
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിന് പോകുന്നവര്‍ക്കുള്ള സബ്സിഡി 2022 ഓടെ നിര്‍ത്തലാക്കാന്‍ ഹജ്ജ് നയ പുനരവലോകന സമിതി ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. 2022ഓടെ സബ്‌സിഡി നിര്‍ത്തലാക്കാന്‍ 2012ല്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കോടതി നിര്‍ദേശ പ്രകാരമാണ് പുനരവലോകന കമ്മിറ്റി.
സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള ഹജ്ജ് സീറ്റുകളുടെ വിഹിതം 30 ശതമാനമായി വര്‍ധിപ്പിക്കാനും യാത്രക്കാരുടെ പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം ഒമ്പതായി വെട്ടിച്ചുരുക്കാനും ദേശീയ ഹജ്ജ് നയത്തിനായുള്ള വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഹജ്ജ് നയം പ്രഖ്യാപിക്കുകയെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിലെ മുന്‍സെക്രട്ടറി അഫ്സല്‍ അമാനുള്ളയുടെ നേതൃത്വത്തിലുള്ള സമിതി ശനിയാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് മന്ത്രിക്ക് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഹജ്ജ് കമ്മിറ്റികള്‍ വഴിയും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയുമാണ് ഇന്ത്യയില്‍നിന്ന് ഹജ്ജ് തീര്‍ഥാടകര്‍ പോകുന്നത്. നിലവില്‍ 75 ശതമാനം സീറ്റുകള്‍ ഹജ്ജ് കമ്മിറ്റികള്‍ക്കും 25 ശതമാനം സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കുമാണ് നല്‍കുന്നത്. ഇത് 70:30 അനുപാതത്തിലേക്കു മാറ്റണമെന്നാണ് സമിതിയുടെ പ്രധാന ശുപാര്‍ശ. വിമാനമാര്‍ഗം ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കുള്ള സബ്സിഡി 2022ഓടെ നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് 2018 മുതല്‍ 2023 വരെയുള്ള കാലത്തേക്കുള്ള ഹജ്ജ് നയത്തിന് കേന്ദ്രം രൂപം നല്‍കുന്നത്.
സംസ്ഥാനങ്ങള്‍ക്കുള്ള ഹജ്ജ്ക്വാട്ട തീരുമാനിക്കുമ്പോള്‍ മുസ്ലിം ജനസംഖ്യാനുപാതത്തോടൊപ്പം അതത് സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകരുടെ എണ്ണവും പരിഗണിക്കണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ അപേക്ഷകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാവണം ക്വാട്ടയെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.