ഗ്രാമീണമേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരമുയര്‍ത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജനകീയാസൂത്രണത്തിന്റെ മാതൃകയില്‍ പദ്ധതികളാരംഭിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരമുയര്‍ത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജനകീയാസൂത്രണത്തിന്റെ മാതൃകയില്‍ പദ്ധതികളാരംഭിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷാ പദ്ധതി സംസ്ഥാനതല പരിശീലന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ആരോഗ്യം പൂര്‍ണമാവുക എന്നാല്‍ അവരുടെ സ്വാതന്ത്ര്യവും സമത്വവും പൂര്‍ണമാവുക എന്നാണര്‍ത്ഥം. അതിനായി ആരോഗ്യ കേന്ദ്രങ്ങള്‍ രോഗീസൗഹൃദമാക്കും. അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗജന്യനിരക്കില്‍ ചികിത്സയും മരുന്നും ലഭ്യമാക്കും. ചികിത്സയ്ക്കുവേണ്ടി ആശുപത്രിയില്‍ വരുന്ന രോഗികള്‍ വെയിലുകൊണ്ട് ക്യൂ നിന്നുതളര്‍ന്നുവീഴുന്ന അവസ്ഥയ്ക്കു മാറ്റം വരും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കാനും അനുബന്ധ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ആധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാകണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സബ് സെന്ററുകള്‍ മുതല്‍ക്കേ തുടങ്ങണം. ഉന്മൂലനം ചെയ്യപ്പെട്ട മാരകമായ പകര്‍ച്ചവ്യാധികള്‍ പോലും തിരിച്ചുവരുന്ന ഭയാനകമായ അവസ്ഥയാണിന്ന്. പലവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ദുരിതത്തിലാവുന്ന ആളുകള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും പരിപാലനവും ഉറപ്പുവരുത്താന്‍ സബ് സെന്റര്‍ തലം മുതല്‍ ആരോഗ്യ കേന്ദ്രങ്ങളെ രോഗീസൗഹൃദമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തുടനീളം വാര്‍ഡുതലത്തില്‍ ഇരുപത്തിയഞ്ച് വോളന്റിയര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യ സേനകള്‍ക്കു രൂപം കൊടുക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സേനയുടെ പ്രവര്‍ത്തനത്തിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കും. ആരോഗ്യ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അനിയന്ത്രിത ചൂഷണം തടയാന്‍ സര്‍ക്കാര്‍ ആശുപത്രികളെ സംരക്ഷിക്കണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.
പൊതു സ്ഥാപനങ്ങളുടെ നിലവാരം നിലനിര്‍ത്താതെ സ്വകാര്യ മേഖലയിലെ ചൂഷണം നിയന്ത്രിക്കാനാവില്ല. ആശുപത്രിക്കും വിദ്യാലയത്തിനും സംഭാവന നല്‍കുന്നതാണ് ആരാധനാലയങ്ങള്‍ക്കു സംഭാവന നല്‍കുന്നതിനേക്കാള്‍ ദൈവത്തിനിഷ്ടം. ഉദാരമതികളെ കണ്ടെത്തി ആരോഗ്യ കേന്ദ്രങ്ങള്‍ നവീകരിക്കാനുള്ള സഹായം തേടാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നിട്ടിറങ്ങും. ആരോഗ്യ പ്രവര്‍ത്തകരുടെ സമീപനങ്ങള്‍ക്ക് മാനവിക മുഖമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം തന്നെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ ക്രമീകരിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ജനങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ എത്ര സാഹസികമായും പദ്ധതികള്‍ നടപ്പാക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.