
ന്യൂഡല്‍ഹി: 2020-ലെ ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് 84-ല്‍ എത്തി. ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സാണ് 2020-ലെ റാങ്ക് പുറത്തിറക്കിയത്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളുടെയും പാസ്പോര്‍ട്ടുകള്‍ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പരിശോധിച്ചതിന് ശേഷമാണ് റാങ്കിംഗ് തീരുമാനിക്കുന്നത്. മുന്‍കൂട്ടി വിസയ്ക്ക് അപേക്ഷിക്കാതെ ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെ പാസ്‌പോര്‍ട്ടുമായി ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കിയും മറ്റുമാണ് ഓരോ വര്‍ഷവും ഹെന്‍ലി പാസ്‌പോര്‍ട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്.
വിസ ഇല്ലാതെ പോകാവുന്ന രാജ്യങ്ങള്‍, ഇ-വിസയില്‍ പോകാവുന്ന രാജ്യങ്ങള്‍, വിസ ഓണ്‍ അറൈവല്‍, സാധാരണ വിസ എന്നിങ്ങനെയുള്ളവയുടെ പട്ടികയാണ് പാസ്സ്പോര്‍ട്ട് ഇന്‍ഡക്സ് വെബ്സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് കയറിയും ഇറങ്ങിയുമായിരുന്നു. 2019-ല്‍ ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് 82-ാം സ്ഥാനത്തായിരുന്നു. 2018-ല്‍ ഇത് 81 ആയിരുന്നു. 2014-ല്‍ 76-ാം സ്ഥാനത്തായിരുന്നതാണ് ഇപ്പോള്‍ പുറകിലേക്ക് പോയി 84-ല്‍ എത്തിയിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഏക പാസ്പോര്‍ട്ട് സൂചികയാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക. ജപ്പാന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. സിംഗപ്പുര്‍ രണ്ടാമതും ദക്ഷിണ കൊറിയ, ജര്‍മനി എന്നീ രാജ്യങ്ങള്‍ മൂന്നാമതും ഇറ്റലി ഫിന്‍ലാന്റ് എന്നീ രാജ്യങ്ങള്‍ നാലാമതുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.