Currency

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് കശ്മിരിലേക്ക്

സ്വന്തം ലേഖകൻWednesday, August 24, 2016 10:21 am

ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന ജമ്മു കശ്മീരില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് ഇന്ന് സന്ദര്‍ശനം നടത്തും. കശ്മീരില്‍ നിന്നുള്ള പ്രതിപക്ഷ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ആഭ്യന്തരമന്ത്രി ശ്രീനഗറിലേക്ക് യാത്രതിരിക്കുന്നത്. ഒന്നരമാസമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മിരിലേക്ക് ആഭ്യന്തരമന്ത്രി നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്.  രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ അദ്ദേഹം വിവിധ പൗരസമൂഹ ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തിയേക്കുമെന്നാണ് സൂചന.

എന്നാല്‍, കേന്ദ്രമോ വിഘടനവാദികളായ ഹുര്‍റിയത് കോണ്‍ഫറന്‍സോ പരസ്പരം ചര്‍ച്ചക്ക് താല്‍പര്യപ്പെടുന്നില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ശ്രമങ്ങളുടെ ഭാഗമായി പുതിയ നടപടികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി കശ്മിരിന് പുറത്തുനിന്നുള്ള മുസ്ലീം പണ്ഡിതരെയും കശ്മീര്‍ സമൂഹത്തില്‍ ഉന്നത പദവികള്‍ അലങ്കരിച്ചിരുന്ന മുസ്ലീം നേതാക്കളെയും സമാധാന ചര്‍ച്ചകള്‍ക്കായി നിയോഗിക്കും.

കശ്മീര്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കശ്മീരിലേക്ക് സര്‍വ്വ കക്ഷി സംഘത്തെ അയയ്ക്കല്‍. കശ്മീരില്‍ നിന്നുള്ള പ്രമുഖ നേതാക്കളും പ്രക്ഷോഭകാരികളുമായി കൂടിക്കാഴ്ച ഒരുക്കൽ, സമാധാന സന്ദേശവുമായി പുരോഹിതരുടെ സംഘത്തെ അയയ്ക്കല്‍ തുടങ്ങിയവയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. നേരത്തെ, വിഷയത്തില്‍ ഇടപെട്ടുകൊണ്ട് കശ്മീരില്‍ രാഷ്ട്രീയ പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.  അതിനിടെ ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിട്ടിറങ്ങണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x