Currency

വിമാന ടിക്കറ്റ് ബുക്കിങ്ങിന് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍Sunday, September 10, 2017 8:56 am

ന്യൂഡല്‍ഹി: ശല്യക്കാരായ യാത്രക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആധാര്‍, പാസ്‌പോര്‍ട്ട്, ലൈസന്‍സ്, പാന്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം പരിഗണനയിലാണ്.

വിദേശയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണം. അതേസമയം ശല്യക്കാരായ യാത്രക്കാരെ പട്ടികയില്‍ മൂന്നായി തിരിച്ചിട്ടുണ്ട്. അനാവശ്യ ആംഗ്യം കാണിക്കുന്നവര്‍, സഹയാത്രികരോടു മോശമായി പെരുമാറുന്നവര്‍, അശ്ലീലം പറയുന്നവര്‍ എന്നിവരാണ് ആദ്യ വിഭാഗം. ഇത്തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് മൂന്നുമാസം യാത്രാവിലക്ക് ഏര്‍പ്പെടുത്തും. കയ്യേറ്റം, ലൈംഗിക പീഡനം എന്നിവയുള്‍പ്പെട്ട രണ്ടാം വിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ക്ക് ആറുമാസം വിലക്കും.

വിമാനത്തെ അപകടത്തിലാക്കും വിധമുള്ള ആക്രമണങ്ങള്‍, വിമാന ഉപകരണങ്ങള്‍ നശിപ്പിക്കല്‍, പൈലറ്റിന്റെ കാബിനിലേക്ക് അതിക്രമിച്ചു കടക്കല്‍ എന്നിവയുള്‍പ്പെട്ടതാണു മൂന്നാം വിഭാഗം. ഇത്തരം കുറ്റക്കാര്‍ക്ക് രണ്ടു വര്‍ഷമോ, അനിശ്ചിതകാലമോ യാത്രാവിലക്ക് ആണു ശിക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x